ശ്രീകൃഷ്ണനും, കൈമളും, രാവുണ്ണി മാഷും; ലാലിനൊപ്പം തകര്‍ത്താടിയ വേണു

1994ല്‍ പുറത്തിറങ്ങിയ പ്രിയദര്‍ശന്‍ ചിത്രം തേന്മാവിന്‍ കൊമ്പത്തിലെ മാണിക്യനെയും, ശ്രീകൃഷ്ണനെയും മറക്കാനാകുമോ, മോഹന്‍ലാലും നെടുമുടി വേണുവും പ്രേക്ഷകരെ ചിരിപ്പിച്ചും, കരയിപ്പിച്ചും, ചിന്തിപ്പിച്ചും കടന്നു പോയ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകമനസ്സില്‍ മായാതെ കിടക്കുന്നുണ്ട്. 1988ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നായകനായി മോഹന്‍ലാല്‍ കഥാപാത്രം വിഷ്ണുവിനെ മെരുക്കുന്ന കൈമളും. സ്ഫടികത്തിലെ ചാക്കോമാഷെ തിരുത്തുന്ന രാവുണ്ണി മാഷുമൊക്കെ.

മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ തുടങ്ങി മരക്കാറിലും, ആറാട്ടിലും വരെ മോഹന്‍ലാലിനൊപ്പം തന്റെ പ്രിയ വേണു കൂടെയുണ്ടായിരുന്നു. ഏതാണ്ട് അമ്പതോളം സിനിമകളില്‍ ലാലിനൊപ്പം നെടുമുടിയും ശക്തമായ കഥാപാത്രങ്ങളാണ് അവതരിപ്പിച്ചത്. എണ്‍പതുകളില്‍ മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന മോഹന്‍ലാലിന്റെ ആദ്യ ചിത്രത്തിലൂടെ കൂടെക്കൂടിയതാണ്. പിന്നീട് നോക്കെത്താദൂരത്ത് കണ്ണുംനട്ട്, പൂച്ചയ്‌ക്കൊരു മൂക്കുത്തി, അപ്പുണ്ണി, ഒന്നു മുതല്‍ പൂജ്യം വരെ, താളവട്ടം, സുഖമോ ദേവി, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ചിത്രം, വന്ദനം, ദശരഥം, വെള്ളാനകളുടെ നാട് ഇങ്ങനെ നീണ്ട ആ പതിറ്റാണ്ടിലെ ലാല്‍ ചിത്രങ്ങളിലൊക്കെയും നെടുമുടി അഭിവാജ്യ ഘടകമായിരുന്നു.

തൊണ്ണൂറുകളില്‍ സിനിമാകൊട്ടകകളില്‍ വിസ്മയം തീര്‍ത്ത ഹിസ് ഹൈനസ് അബ്ദുള്ളയില്‍ ഉദയവര്‍മ്മ തമ്പുരാനായും, അക്കരെ അക്കരെ അക്കരെയിലെ ശിവദാസ മേനോനും, ലാല്‍സലാമിലെ ഫാദര്‍ ഫെലിക്‌സും, 91ല്‍ പുറത്തിറങ്ങിയ ലോഹിതദാസ്- സിബി മലയില്‍ ചിത്രം ഭരതത്തിലെ കല്ലൂര്‍ രാമനാഥന്‍, വിയറ്റ്‌നാം കോളനിയിലെ മൂസാ സേട്ട്, മണിച്ചിത്രത്താഴിലെ തമ്പി, ദേവാസുരത്തിലെ അപ്പുമാഷും പ്രേക്ഷകര്‍ ഇന്നും മറക്കില്ല.

സദയം, കമലദളം, അഹം, മിഥുനം, മായാമയൂരം, പവിത്രം, സ്ഫടികം, നിര്‍ണയം, കാലാപാനി, ഒരു യാത്രാമൊഴി, ചന്ദ്രലേഖ, ഹരികൃഷ്ണന്‍സ്, അയാള്‍ കഥ എഴുതുകയാണ് ഇങ്ങനെ തൊണ്ണൂറുകളിലും ലാലിനൊപ്പം നെടുമുടിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. രണ്ടായിരത്തില്‍ രാക്കുയിലും, ചതുരംഗവും, അലക്‌സാണ്ടര്‍ ദ ഗ്രേറ്റ്‌, വിസ്മയത്തുമ്പത്തും, മാമ്പഴക്കാലവും, തന്മാത്രയും, കോളജ് കുമാരനും, സാഗര്‍ ഏലിയാസ് ജാക്കിയും, അറബിയും ഒട്ടകവും പി മാധവന്‍ നായരും, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളിലും, ബാലേട്ടനില്‍ ലാലിന്റെ പിതാവായും, ഒപ്പത്തില്‍ കൃഷ്ണമൂര്‍ത്തിയായും മോഹന്‍ലാല്‍ നെടുമുടി കൂട്ടുകെട്ട് എന്നും വിസ്മയിപ്പിച്ചിട്ടുണ്ട്.

പുറത്തിറങ്ങാനിരിക്കുന്ന മരക്കാറില്‍ കോഴിക്കോട് സാമൂതിരി രാജാവായും, ആറാട്ടില്‍ സുധാകര കൈമളായും മോഹന്‍ലാലിനൊപ്പം അഭിനയിച്ച ശേഷമാണ് നെടുമുടിയുടെ മടക്കം. നേരത്തെ പല വേദികളിലും ഇരുവരും തമ്മിലുള്ള കൂട്ടുകെട്ടിനെ കുറിച്ച് മോഹന്‍ലാലും നെടുമുടിയും വെളിപ്പെടുത്തിയിരുന്നു. മൂന്നു പതിറ്റാണ്ട് നീണ്ട കൂട്ടുകെട്ടില്‍ വിരിഞ്ഞത് അമ്പതിലധികം ഹിറ്റ് സിനിമകള്‍.