തെലുങ്ക് മുന്‍കാല സൂപ്പര്‍ താരം കൃഷ്ണ അന്തരിച്ചു

മുതിര്‍ന്ന തെലുങ്ക് നടനും മഹേഷ് ബാബുവിന്റെ പിതാവുമായ കൃഷ്ണ (80) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ കൃഷ്ണയെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെന്റിലേറ്ററില്‍ മാറ്റുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ നാലുമണിയോടെയാണ് അന്ത്യം.

1960 കളില്‍ തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരമായിരുന്നു കൃഷ്ണ. അഞ്ച് പതിറ്റാണ്ടുകള്‍ നീണ്ട കരിയറില്‍ 350ല്‍ ഏറെ സിനിമകള്‍ ചെയ്തിട്ടുണ്ട്. 1961ല്‍ ‘കുല ഗൊത്രലു’ എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. 1965ല്‍ പുറത്തിറങ്ങിയ ‘തേനേ മനസുലു’ ചിത്രത്തിലാണ് നായകാനായി കൃഷ്ണ എത്തുന്നത്.

‘ഗുഡാചാരി 116’ എന്ന ചിത്രത്തിലൂടെയാണ് സൂപ്പര്‍താര പദവിയിലെത്തുന്നത്. 2016 ല്‍ പുറത്തിറങ്ങിയ ‘ശ്രീ ശ്രീ’ ആണ് അവസാന ചിത്രം. ഇന്ദിരാ ദേവിയായിരുന്നു ആദ്യഭാര്യ. നടന്‍മാരായ മഹേഷ് ബാബു, രമേഷ് ബാബു, നടി മഞ്ജുള, പ്രിയദര്‍ശിനി, പത്മാവതി തുടങ്ങിയവരാണ് ഈ ബന്ധത്തില്‍ ജനിച്ച മക്കള്‍.

1967ല്‍ ‘സാക്ഷി’ എന്ന സിനിമയുടെ സെറ്റില്‍ വച്ച് നടി വിജയ നിര്‍മലയുമായി പ്രണയത്തിലായി. തുടര്‍ന്ന് വിവാഹം കഴിക്കുകയും ചെയ്തു. നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ നരേഷ് കൃഷ്ണയ്ക്ക് വിജയ നിര്‍മലയില്‍ ജനിച്ച മകനാണ്.