നായകള്‍ കുരയ്ക്കട്ടെ, കാരവാന്‍ മുന്നോട്ട് തന്നെ പോകും; മാമാങ്കം കളക്ഷന്‍ പുറത്തുവിട്ട് വേണു കുന്നപ്പിള്ളി

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്ന വിശേഷണത്തോടെ പുറത്തെത്തിയ ഒന്നാണ് മാമാങ്കം. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ രണ്ടാമത്തെ 100 കോടി ചിത്രമായി മാറുകയാണ് മാമാങ്കം.നേരത്തെ മധുരരാജയും 100 കോടി ക്ലബില്‍ ഇടം പിടിച്ചിരുന്നു. കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ട് നിര്‍മാതാവ് വേണു കുന്നപ്പിള്ളി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ക്യാപ്ഷനാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. “പട്ടികള്‍ കുരക്കട്ടെ, കാരവാന്‍ മുന്നോട്ട് തന്നെ പോകും” എന്നാണ് നിര്‍മാതാവ് ക്യാപ്ഷന്‍ ഇട്ടിരിക്കുന്നത്.

ആദ്യ ദിനം തന്നെ ചിത്രം 23 കോടിയ്ക്ക് മുകളില്‍ കളക്ട് ചെയ്ത ചിത്രം നാലാം ദിനം 60 കോടി നേട്ടത്തിലെത്തിയിരുന്നു. ഈ മാസം 12നാണ് മാമാങ്കം തിയേറ്ററുകളില്‍ എത്തിയത്. മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായ മാമാങ്കം നാല്‍പത്തിയഞ്ച് രാജ്യങ്ങളിലെ രണ്ടായിരത്തോളം സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.

പുതിയ സാങ്കേതിക വിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തിയാണ് ചിത്രത്തിന്റെ വരവ്. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്. തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണന്‍.