മുന്നില്‍ 'ആവേശം', കടുത്ത കോംപറ്റീഷനുമായി പിന്നാലെ 'വര്‍ഷങ്ങള്‍ക്ക് ശേഷം'; മലയാള സിനിമ ഇതുവരെ നേടിയത് 800 കോടിക്ക് മുകളില്‍

ബോക്‌സ് ഓഫീസില്‍ കടുത്ത പോരാട്ടവുമായി ‘ആവേശ’വും ‘വര്‍ഷങ്ങള്‍ക്ക് ശേഷ’വും. ആവേശത്തിന് പിന്നാലെ വര്‍ഷങ്ങള്‍ക്ക് ശേഷവും 50 കോടി ക്ലബ്ബില്‍ എത്തിയിരിക്കുകയാണ്. ‘ഹൃദയ’ത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ – വിശാഖ് സുബ്രഹ്‌മണ്യം കൂട്ടുകെട്ടില്‍ അമ്പത് കോടി നേടുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് വര്‍ഷങ്ങള്‍ക്കു ശേഷം.

ആവേശം നിലവില്‍ 62 കോടി കളക്ഷന്‍ നേടിക്കഴിഞ്ഞു. ഇതിന് പിന്നാലെയാണ് 50 കോടി നേട്ടവുമായി വര്‍ഷങ്ങള്‍ക്ക് ശേഷവും തിയേറ്ററില്‍ കുതിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ സിനിമകള്‍ക്കൊപ്പം റിലീസ് ചെയ്ത ഉണ്ണി മുകുന്ദന്‍ ചിത്രം ‘ജയ് ഗണേഷി’ന് ബോക്‌സ് ഓഫീസില്‍ കാര്യമായ സ്വാധീനം ചെലുത്താനായിട്ടില്ല.

രണ്ട് കോടിക്ക് അടുത്ത് മാത്രമാണ് ജയ് ഗണേഷിന് ലഭിച്ച കളക്ഷന്‍. എന്നാല്‍ ചരിത്രത്തില്‍ ഇതുവരെ കാണാത്ത വിജയക്കുതിപ്പിലൂടെയാണ് മലയാള സിനിമ കടന്നു പോകുന്നത്. ഈ വര്‍ഷം ഇതുവരെ 800 കോടിക്ക് മുകളില്‍ മലയാള സിനിമ നേടിക്കഴിഞ്ഞു.

‘എബ്രഹാം ഓസ്ലര്‍’, ‘മലൈകോട്ടൈ വാലിബന്‍’ എന്നീ സിനിമകള്‍ തുടങ്ങി വച്ച ഓളം പിന്നാലെ വന്ന ‘ഭ്രമയുഗം’, ‘പ്രേമലു’, ‘മഞ്ഞുമ്മല്‍ ബോയ്സ്’, ‘ആടുജീവിതം’, ‘ആവേശം’, ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്നീ സിനിമകള്‍ ഏറ്റെടുക്കുകയും ചെയ്തു.

മഞ്ഞുമ്മല്‍ ബോയ്‌സ് 236 കോടി രൂപയാണ് തിയേറ്ററില്‍ നിന്നും നേടിയത്. ആടുജീവിതത്തിന്റെ നിലവിലെ കളക്ഷന്‍ 144 കോടിയാണ്. 136 കോടിയാണ് പ്രേമലു നേടിയിരിക്കുന്നത്. ഭ്രമയുഗം 85 കോടിയും നേടി. അന്വേഷിപ്പിന്‍ കണ്ടെത്തും ചിത്രം എബ്രഹാം ഓസ്‌ലറും 40 കോടി വീതം കളക്ഷന്‍ നേടിയിട്ടുണ്ട്.