സീരിയലുകളെ ഡീഗ്രേഡ് ചെയ്യേണ്ടതില്ല; പോസ്റ്റര്‍ കണ്ട് വിലയിരുത്താതെ പ്രേക്ഷകര്‍ തിയേറ്ററുകളിൽ എത്തട്ടെ: വാരിസ് സംവിധായകന്‍

വാരിസിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ മറുപടി നല്‍കി സംവിധായകന്‍ വംശി പൈദിപ്പള്ളി. ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കണ്ട് വിലയിരുത്താതെ സിനിമ തിയേറ്ററിലെത്തി ആളുകള്‍ കാണട്ടെയെന്നും സീരിയലുകളെ എന്തിനാണ് ഡീഗ്രേഡ് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.

നിരൂപകരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയല്ല സാധാരണ പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് താന്‍ സിനിമ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. സിനിമ വികടന് നല്‍കിയ അഭിമുഖത്തിലാണ് വംശി ഈക്കാര്യം പറഞ്ഞത്.

ഞാന്‍ ചെയ്യുന്നത് സാധാരണ പ്രേക്ഷകര്‍ക്കുവേണ്ടിയുള്ള കൊമേഴ്‌സ്യല്‍ സിനിമകളാണ്. നിരൂപകര്‍ സിനിമ കണ്ട് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ മോശമാണെന്ന് എഴുതും. അത് അവരുടെ അഭിപ്രായമാണ്. ഞാന്‍ കണ്ട തിയേറ്ററിലെല്ലാം ചിത്രം കണ്ടശേഷം എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയായിരുന്നു. ഇതാണ് എന്റെ ഓഡിയന്‍സ്. ഈ റിവ്യൂവിലാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഒരു സിനിമയെടുക്കാനുള്ള ബുദ്ധിമുട്ട് അറിയാമോ? പ്രേക്ഷകരെ രസിപ്പിക്കാനായി എത്രപേരാണ് സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അറിയാമോ? ഇതൊരു തമാശയല്ല. ഒരു സംവിധായകന്‍ സിനിമയ്ക്കുവേണ്ടി എത്ര ത്യാഗം ചെയ്യുന്നുണ്ടെന്ന് അറിയാമോ?

ഇന്ത്യയിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ വിജയ് സര്‍ ഒരു ഒരു സിനിമയ്ക്കു വേണ്ടി എത്ര കഷ്ടപ്പെടുന്നുണ്ടെന്ന് അറിയാമോ? അദ്ദേഹം ഇപ്പോഴും ഓരോ പാട്ടിനു മുമ്പും റിഹേഴ്‌സല്‍ നടത്തും. ഡയലോഗുകള്‍ പറയുമ്പോള്‍ പോലും പ്രാക്ടീസ് ചെയ്ത ശേഷമെ ക്യാമറയ്ക്കു മുന്നിലെത്തൂ’. വംശി കൂട്ടിച്ചേര്‍ത്തു.