'ഈ കഥ കേട്ടാല്‍ നിന്റെ അമ്മ നിന്നെ ഓടിക്കും, തത്കാലം വീട്ടില്‍പ്പോകണ്ട'; വരനെ ആവശ്യമുണ്ടതിലെ ക്ലൈമാക്‌സിലെ ആനൂപ് സത്യന്റെ 'കള്ളക്കഥ' കേട്ട് ദുല്‍ഖര്‍

സത്യന്‍ അന്തിക്കാടിന്റെ മകനും നവാഗത സംവിധായകനായ അനൂപ് സത്യന്‍ ഒരുക്കിയ ചിത്രമാണ് വരനെ ആവശ്യമുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ ക്ലൈമാക്‌സ് രംഗമായ സുരേഷ് ഗോപിയുടെ പ്രസംഗം കാഴ്ച്ചക്കാരുടെ ഹൃദയം കവരുന്നതായിരുന്നു. എന്നാല്‍ ആ രംഗം അത്രമേല്‍ മനോഹരമായതിന് പിന്നില്‍ ആരുമറിയാത്ത അനൂപ് സത്യന്റെ ഒരു “കള്ളക്കഥ”യുണ്ട്.

സുരേഷ് ഗോപിയുടെ പ്രകടനം പോലെ തന്നെ കാണികളുടെ മുഖഭാവങ്ങളും ആ രംഗത്ത് ഏരെ നിര്‍ണായകമായിരുന്നു. ആദ്യത്തെ ഷോട്ടില്‍ കാണികളുടെ രംഗത്തില്‍ തൃപ്തി വരാത്ത അനൂപ് ആ രംഗം വീണ്ടും ഷൂട്ട് ചെയ്തു. സിനിമയില്‍ പ്രസംഗിക്കുന്നത് സുരേഷ് ഗോപിയാണെങ്കില്‍ രണ്ടാമതു ഷൂട്ട് ചെയ്തപ്പോള്‍ പ്രസംഗിച്ചത് അനൂപ് സത്യന്‍ തന്നെയാണ്. ചുമ്മാ എന്തെങ്കിലും പറഞ്ഞാല്‍ പോരാ, ആളുകളുടെ മുഖത്ത് സങ്കടം വരുത്താന്‍ കഴിയണം. എന്നാല്‍ അനൂപിന്റെ പ്രസംഗം കേട്ടതും ആളുകള്‍ കരയാന്‍ തുടങ്ങി.

അനൂപിന്റെ പ്രസംഗം…..

പ്രസംഗിക്കാന്‍ എനിക്കും പേടിയാണ്. മുട്ടു വിറയ്ക്കുന്നുണ്ട്. എങ്കിലും പറയാം. എനിക്കൊരു ട്വിന്‍ ബ്രദറുണ്ട്. നഴ്‌സറി മുതലേ ഞങ്ങളൊരുമിച്ചാണ് പഠിച്ചത്. കാണാനും സംസാരവുമൊക്കെ എന്നെപ്പോലെ തന്നെ. ഭയങ്കര പാരയായിരുന്നു അവന്‍. സ്‌കൂളില്‍ പഠിക്കുമ്പോള്‍ എനിക്കൊരു പ്രേമമുണ്ടായിരുന്നു. അവളെയും ഒടുവില്‍ അവന്‍ തട്ടിയെടുത്തു. കാരണം അവള്‍ക്ക് ഞങ്ങളുടെ രണ്ടുപേരുടെയും പേരു തമ്മില്‍ മാറിപ്പോയി.

ജോലി കിട്ടിയതോടെയാണ് ഞാന്‍ ഒന്നു രക്ഷപ്പെട്ടത്. ചിത്രം വരയ്ക്കുന്നതാണ് എന്റെ ഹോബി. സത്യത്തില്‍ അതു ഹോബിയല്ല. എന്റെ അമ്മയ്ക്കു സംസാരിക്കാന്‍ കഴിയില്ല. അമ്മയോടു വിവരങ്ങള്‍ പറയാന്‍ ഞാന്‍ കണ്ടുപിടിച്ച വഴിയാണ് ചിത്രം വര. എനിക്ക് ആവശ്യമുള്ള എല്ലാ കാര്യങ്ങളും വരയിലൂടെ ചോദിക്കും. ഓംലെറ്റും ചിക്കന്‍കറിയും ഉമ്മയും എല്ലാം. വരയിലൂടെ അമ്മയ്ക്കു മുന്നില്‍ എന്റെ മനസ്സു വരച്ചു കാട്ടി.

ജോലിസ്ഥലത്തും ഇടയ്‌ക്കൊക്കെ ഞാന്‍ ഇതു തന്നെ പ്രയോഗിച്ചു. മാനേജര്‍ ലീവ് തരാത്തപ്പോള്‍ അയാളുടെ തലയില്‍ ഇടിത്തീ വീഴുന്ന പടം വരച്ച് അയച്ചുകൊടുത്തു. അതോടെ അയാള്‍ പേടിച്ച് ലീവ് തരും.

അങ്ങനെയിരിക്കെ ഒരു ദിവസം അനിയത്തിക്ക് ഒരു അപകടം സംഭവിച്ചു. കോളജില്‍ നിന്നു വരുമ്പോള്‍ വണ്ടി ഇടിച്ച് അവള്‍ മരിച്ചു. ഞാന്‍ വീട്ടിലെത്തുമ്പോള്‍ അമ്മ വിവരം അറിഞ്ഞിട്ടില്ല. പറയാന്‍ എല്ലാവര്‍ക്കും പേടി. ഞാന്‍ വന്നിട്ടു പറയാനായി എല്ലാവരും കാത്തിരിക്കുകയാണ്.

ഞാന്‍ അമ്മയുടെ അടുത്തു ചെന്നിരുന്നു. എന്നിട്ട് ഒരു കടലാസില്‍ അനിയത്തിയുടെ ചിത്രം വരച്ച് അമ്മയ്ക്കു കൊടുത്തു. അമ്മ ആ ചിത്രം നോക്കി, പിന്നെ എന്റെ നേരെ നോക്കി. അവളുടെ മുഖം വേണ്ടത്ര ഭംഗിയായിട്ടില്ലെന്ന മട്ടില്‍. ഞാന്‍ അതിന്റെ മുകളിലേക്ക് കുറെ ചോരത്തുള്ളികള്‍ വരച്ചു. പിന്നെ ഞങ്ങള്‍ രണ്ടു പേരും കെട്ടിപ്പിടിച്ചു കരഞ്ഞു.

പ്രസംഗം ഇത്രയുമായപ്പോള്‍ ക്യാമറമാന്‍ വിളിച്ചു പറഞ്ഞു.. ഇത്രയും മതി. ഓഡിയന്‍സ് കരയാന്‍ തുടങ്ങി. ഷോട്ട് ഓകെയാണ്. അതോടെ അനൂപ് സത്യന്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞു.. ഞാന്‍ ഇതുവരെ പറഞ്ഞതൊക്കെ കള്ളക്കഥയാണ്. എനിക്ക് സഹോദരിയില്ല. എന്റെ അമ്മയ്ക്ക് ഒരു കുഴപ്പവുമില്ല. അച്ഛനാണെ സത്യം!

വരനെ ആവശ്യമുണ്ടെന്ന സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന് ഏറ്റവും പ്രിയപ്പെട്ട രംഗങ്ങളിലൊന്നാണ് ഇത്. ഷൂട്ടിങ്ങിന്റെ പെര്‍ഫെക്ഷനു വേണ്ടി പറഞ്ഞ കള്ളക്കഥ കേട്ടിട്ട് ആ സിനിമയുടെ നിര്‍മ്മാതാവു കൂടിയായ ദുല്‍ഖര്‍ അനൂപ് സത്യനോടു പറഞ്ഞു.. ഈ കഥ കേട്ടാല്‍ നിന്റെ അമ്മ നിന്നെ ഓടിക്കും. തത്കാലം വീട്ടില്‍പ്പോകണ്ട. എന്റെ കൂടെ ഒരു ട്രിപ്പിനു പോരൂ എന്ന്.

(കടപ്പാട്: ഫാസ്റ്റ്ട്രാക്ക് മാസിക)