സൂര്യയോടൊപ്പം തമിഴ് പറഞ്ഞ് ഉര്‍വ്വശിയും

തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യയുടെ പുതിയ ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയ താരം ഉര്‍വ്വശിയും. “ഇരുതി സുട്ര്” എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സുധാ കൊങ്കാര സംവിധാനം ചെയ്യുന്ന “സൂരറൈ പോട്രു” എന്ന ചിത്രത്തിലാണ് ഉര്‍വ്വശിയും പ്രധാന വേഷത്തിലെത്തുന്നത്. മലയാളി നടി അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

എയര്‍ ഡെക്കാണിന്റെ സ്ഥാപകനായ ജി ആര്‍ ഗോപിനാഥിന്റെ ജീവിതം പറയുന്ന ചിത്രമാണ് “സൂരറൈ പോട്രു”. ഇന്ത്യന്‍ ആര്‍മി ക്യാപ്റ്റന്‍ എന്ന നിലയിലും എഴുത്തുകാരന്‍ എന്ന നിലയിലും ശ്രദ്ധേയനാണ് ഗോപിനാഥ്. മോഹന്‍ ബാബു, ജാക്കി ഷ്രോഫ്, പരേഷ് റാവല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. നികേത് ബൊമ്മി ഛായഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായിക ശാലിനി ഉഷ നായരും സുധ കൊങ്കരയും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.

സൂര്യയുടെ നിര്‍മാണ കമ്പനിയായ 2ഡി എന്റര്‍ടെയിന്‍മെന്റ്‌സും രാജശേഖര്‍ കര്‍പ്പൂര സുന്ദര പാണ്ഡ്യനും ഗുണീത് മോംഗയുടെ സിഖ്യ എന്‍ര്‍ടെയിന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സൂര്യയുടെ 38ാമത് ചിത്രം കൂടിയാണിത്.