ഇനി വരാനിരിക്കുന്നത് ഹെവി ത്രില്ലറുകൾ

സൂപ്പർ താരങ്ങൾ മുതൽ യുവ താരങ്ങൾ വരെ അണിനിരക്കുന്ന ഒരുപിടി ആക്ഷൻ സിനിമകളാണ് മലയാള സിനിമയിൽ ഈ വർഷം റിലീസിന് എത്തുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും മികച്ച സ്വീകാര്യതയാണ് മലയാള സിനിമകൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദിലീപ്, ദുൽഖർ സൽമാൻ, പൃഥ്വിരാജ്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയ വമ്പൻ താരനിരയുടെ സിനിമകളാണ് പാൻ ഇന്ത്യൻ സിനിമകളായി പല ഭാഷകളിൽ ഇത്തവണ തീയറ്ററുകളിൽ എത്തുക. ഏറെ നാളുകൾക്ക് ശേഷമാണ് മലയാള സിനിമയിൽ ആക്ഷൻ ത്രില്ലറുകൾ എത്തുന്നത്. ഈ അടുത്ത കാലത്തായി റിയലിസ്റ്റിക് സിനിമകൾ ഇടം പിടിച്ചതിനാൽ ആക്ഷൻ ത്രില്ലറുകൾ എത്തുന്നതോടെ പ്രേക്ഷകർക്ക് വേറിട്ട അനുഭവമായിരിക്കും ലഭിക്കുക. ദിലീപിന്റെ ‘ബാന്ദ്ര’ മുതല്‍ ഷെയ്ന്‍ നിഗത്തിന്റെ പവര്‍ ആക്ഷന്‍ സിനിമ ‘ആര്‍ഡിഎക്‌സ്’ വരെയുള്ള ചിത്രങ്ങളാണ് പാന്‍ ഇന്ത്യന്‍ ലെവലില്‍ ഒരുങ്ങുന്നത്.

ഏപ്രിൽ മാസം റിലീസ് പ്ലാൻ ചെയ്തിരിക്കുന്ന ദിലീപ് ചിത്രമാണ് ബാന്ദ്ര. 2017ൽ പുറത്തിറങ്ങിയ രാമലീലയുടെ മികച്ച വിജയത്തിന് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം, ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ദിലീപിന്റെ 147-ാം ചിത്രം കൂടിയാണിത്.തെന്നിന്ത്യൻ താരറാണി തമന്ന നായികയാകുന്ന ചിത്രത്തിൽ തമിഴ് നടൻ ശരത് കുമാർ, ബോളിവുഡ് നടൻ ദിനോ മോറിയ, ബോളിവുഡ് നടനും മോഡലുമായ രാജ്‌വീർ അങ്കൂർ സിംങ്ങ്, തമിഴ് നടൻ വിടിവി ഗണേഷ്, സിദ്ധിഖ്, ലെന തുടങ്ങിയ ഇന്ത്യൻ സിനിമയിലെ താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മുംബൈയിലാണ് പ്രധാനമായും ചിത്രീകരണം നടത്തിയിരിക്കുന്നത്. നിരവധി സൂപ്പർ ഹിറ്റുകൾ നൽകിയ ഉദയകൃഷ്ണയാണ് ചിത്രത്തിനു തിരക്കഥ ഒരുക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്താണ് ചിത്രത്തിന്‍റെ നിര്‍മാണം.

മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന പിരിയോഡിക്കൽ എന്റർടൈനറായി ടൊവിനോ തോമസ് ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്ന സിനിമയാണ് അജയൻ്റെ രണ്ടാം മോഷണം. ആറ് ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിൽ ത്രീഡിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. തെലുങ്ക് നടി കൃതി ഷെട്ടി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരും മറ്റു നായികമാരായി എത്തുന്നുണ്ട്. ജിതിൻ ലാല്‍ ആണ് ചിത്രത്തിന്റെ സംവിധാനം. 1900,1950,1990 കാലഘട്ടങ്ങളിലെ മണിയന്‍, കുഞ്ഞിക്കേളു, അജയന്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ടൊവിനോ ചിത്രത്തിൽ എത്തുന്നത്. തമിഴ് നടൻ സത്യരാജ്, ബേസിൽ ജോസഫ്, ജഗദീഷ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡോ.സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് സുജിത് നമ്പ്യാര്‍ ആണ്.

കുഞ്ചാക്കോ ബോബനെ നായകനാക്കി പൊളിറ്റിക്കൽ ത്രില്ലറായി ഒരുങ്ങുന്ന ചിത്രമാണ് ചാവേർ. സ്വാതന്ത്ര്യം അർധരാത്രിയിൽ, അജഗജാന്തരം എന്നീ ചിത്രങ്ങൾക്കു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആൻ്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തും. സംവിധായകനും നടനുമായ ജോയി മാത്യുവാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നു നിർമിക്കുന്ന ചിത്രത്തിന്റെ റിലീസ് അടുത്തുണ്ടാകും.

ഈ വർഷത്തെ ഓണക്കാലത്ത് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ദുൽഖർ സൽമാന്റെ ആക്ഷൻ ത്രില്ലർ ചിത്രമാണ് കിം​ഗ് ഓഫ് കൊത്ത. പഴയ കാലത്ത് നിന്നും ആരംഭിക്കുന്ന ചിത്രം രണ്ട് കാലഘട്ടങ്ങളിലായാണ് കഥ പറയുന്നത്. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റെ സംവിധായകൻ. ഐശ്വര്യ ലക്ഷ്‍മിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ദുൽഖറിൻ്റെ കരിയറിൽ ഏറ്റവും മുതൽ മുടക്കിലെത്തുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട തുടങ്ങി അഞ്ചു ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസാണ് പ്ലാൻ ചെയ്യുന്നത്. തമിഴ് നടൻ പ്രസന്ന, ഗോകുൽ‍ സുരേഷ്, ഷബീർ കല്ലറയ്ക്കൽ, ശാന്തി കൃഷ്‍ണ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പൊറിഞ്ചു മറിയം ജോസിൻ്റെ തിരക്കഥാകൃത്ത് അഭിലാഷ് എസ്. ചന്ദ്രനാണ് രചന നിർവഹിക്കുന്നത്.

ഷൈൻ നിഗം, ആൻ്റണി വർഗീസ്, നീരജ് മാധവ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പവർ ആക്ഷൻ സിനിമയാണ് ആർഡിഎക്സ്.മിന്നൽ മുരളിയുടെ വിജയത്തിനു ശേഷം വീക്കെൻ്റ് സ്റ്റോക് ബസ്റ്ററിൻ്റെ ബാനറിൽ സോഫിയാ പോളാണ് ചിത്രം നിർമിക്കുന്നത്. റോബർട്ട്, ഡോണി, സേവ്യർ എന്നീ മൂന്നു സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് നവാഗതനായ നഹാസ് ഹിദായത്താണ്. വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന ഒരു പാൻ ഇന്ത്യൻ ചിത്രമാണിത്. ചിത്രത്തിൽ ഐമാ റോസ്മിയും മഹിമാ നമ്പ്യാരുമാണ് നായികമാരായി എത്തുന്നത്. ഷബാസ് റഷീദ് – ആദർശ് സുകുമാരൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഈയടുത്ത് പഴയകാല ഫോര്‍മാറ്റിലുള്ള ആക്ഷന്‍ ത്രില്ലറായി പൃഥ്വിരാജിന്റെ ‘കടുവ’യും ‘കാപ്പ’യും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. അതിലും വലിയ ഫോര്‍മാറ്റില്‍ പാന്‍ ഇന്ത്യന്‍ ലെവലില്‍ ഒരുങ്ങുന്ന ഈ ആക്ഷന്‍ ത്രില്ലറുകള്‍ക്കായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.