'അണ്‍ലോക്ക്', മംമ്ത- ചെമ്പന്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്

മംമ്ത മോഹന്‍ദാസും ചെമ്പന്‍ വിനോദും കേന്ദ്ര കഥാപാത്രങ്ങളാകുന്ന “അണ്‍ലോക്ക്” എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്. മമ്മൂട്ടിയാണ് ഫസ്റ്റ്‌ലുക്ക് തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ റിലീസ് ചെയ്തത്. ഡബിള്‍സ്, വന്യം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സോഹന്‍ സീനുലാല്‍ ഒരുക്കുന്ന ചിത്രമാണ് അണ്‍ലോക്ക്.

ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും സംവിധായകന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. മംമ്തയും ചെമ്പന്‍ വിനോദും മുഖാമുഖം നോക്കി നില്‍ക്കുന്നതായാണ് ഫസ്റ്റ്‌ലുക്ക്. ത്രില്ലര്‍ ആയിരിക്കും ചിത്രം എന്നാണ് ഫസ്റ്റ്‌ലുക്കില്‍ നിന്നുള്ള സൂചന. ശ്രീനാഥ് ഭാസി, ഇന്ദ്രന്‍സ്, സാജു നവോദയ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

മോഷന്‍ പ്രൈം മൂവീസിന്റെ ബാനറില്‍ സജീഷ് മഞ്ചേരിയാണ് നിര്‍മ്മാണം. ഒക്ടോബര്‍ 15-ന് ആണ് എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായാണ് ഷൂട്ടിംഗ് ആരംഭിച്ചത്. മംമ്ത ആദ്യമായാണ് സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. മുമ്പ് തോപ്പില്‍ ജോപ്പന്‍ ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

ചിത്രീകരണം പൂര്‍ത്തിയായ അണ്‍ലോക്കിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. അഭിലാഷ് ശങ്കര്‍ ഛായാഗ്രഹണവും സാജന്‍ വി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. സാബു വിത്രയാണ് കലാ സംവിധാനം. സി.ജെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.