ഗാനഗന്ധര്‍വന്റെ ലൊക്കേഷനില്‍ 'ഉണ്ട'യുടെ വിജയം ആഘോഷിച്ച് മമ്മൂട്ടി

മമ്മൂട്ടി-ഖാലിദ് റഹ്മാന്‍ ചിത്രം ഉണ്ടയ്ക്ക് തിയേിറ്ററുകളില്‍ മികച്ച പ്രതികരണം. ഇന്നലെ റിലീസ് ചെയ്ത ചിത്രം പ്രതീക്ഷകള്‍ക്കുമപ്പുറമാണെന്നാണ് സോഷ്യല്‍ മീഡിയ നിരൂപണങ്ങള്‍ പറയുന്നത്. ചിത്രത്തിലെ മണികണ്ഠന്‍ എന്ന മമ്മൂട്ടി കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നാണെന്നും ഖാലിദ് റഹമാന്റെ സംവിധാനം നിലവാരം പുലര്‍ത്തിയെന്നും പ്രേക്ഷകര്‍ പറയുന്നു. ചിത്രത്തിന്റെ വിജയം തന്റെ പുതിയ ചിത്രമായ ഗാനഗന്ധര്‍വന്റെ ലൊക്കേഷനില്‍ മമ്മൂട്ടി കേക്ക് മുറിച്ച് ആഘോഷിച്ചു.

യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഉണ്ട ഒരുക്കിയിരിക്കുന്നത്. ഛത്തീസ്ഗഢിലേക്ക് തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹര്‍ഷാദാണ്. സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സി.പി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഛത്തീസ്ഗഡിലും കര്‍ണാടകയിലും കേരളത്തിലുമായി അമ്പത്തിയേഴ് ദിവസം കൊണ്ടാണ് ചിത്രം ഷൂട്ട് ചെയ്തത്.

പഞ്ചവര്‍ണ്ണതത്തക്കു ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാനഗന്ധര്‍വന്‍. രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്ന് രചിച്ച ഈ ചിത്രത്തില്‍ കലാസദന്‍ ഉല്ലാസ് എന്ന ഗാനമേള ഗായകന്‍ ആയാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചിത്രം ഓണം റിലീസ് ആയി എത്തും.