ഹൃദയം കൊണ്ടെഴുതിയ കഥ, പ്രിയപ്പെട്ട വ്യാസന്‍ എനിക്ക് അഭിമാനം തോന്നുന്നു, ഒപ്പം അല്‍പ്പം അഹങ്കാരവും; ശുഭരാത്രിയെ പ്രശംസിച്ച് ഉദയകൃഷ്ണ

ദിലീപ് – വ്യാസന്‍ ചിത്രം ശുഭരാത്രിയെ പ്രശംസിച്ച് പ്രശസ്ത തിരക്കഥാകൃത്ത് ഉദയകൃഷ്ണ.

ഹൃദയം കൊണ്ടെഴുതിയ കഥ. പ്രിയപ്പെട്ട വ്യാസന്‍ എനിക്ക് അഭിമാനം തോന്നുന്നു. ഒപ്പം കുറച്ച് അഹങ്കാരവും. കാരണം നിങ്ങള്‍ എന്റെ അടുത്ത സുഹൃത്ത് ആണെന്നതുതന്നെ. കൈവിട്ട് പോകാവുന്നൊരു പ്രമേയത്തെ അതിന്റെ എല്ലാ അര്‍ത്ഥത്തിലും മികച്ചതാക്കി തിരക്കഥയൊരുക്കി അതിലും മനോഹരമായി അതിനെ സ്‌ക്രീനില്‍ എത്തിക്കുവാനും കഴിഞ്ഞിരിക്കുന്നു. അതെ നിങ്ങളിലെ തിരക്കഥാകൃത്തും സംവിധായകനും വിജയിച്ചിരിക്കുന്നു എന്ന് എനിക്ക് ഉറക്കെ വിളിച്ച് പറയാം. തിയേറ്ററില്‍ ഇരുത്തി എന്റെ കണ്ണുകളെ ഈറനാക്കിയ സിദ്ദിഖ് ഇക്കാ, ഇന്ദ്രന്‍സ് നിറഞ്ഞ കൈയ്യടി നിങ്ങള്‍ക്ക്. ആശാ ശരത്ത്, അനു സിത്താര, ശാന്തി കൃഷ്ണ എല്ലാവര്‍ക്കും അഭിനന്ദനം. ഒപ്പം ഈ സിനിമയില്‍ തികച്ചും വ്യത്യസ്ത വേഷത്തില്‍ അമ്പരപ്പിച്ച ദിലീപിനും എന്റെ കൈയ്യടികള്‍. കൂടെ ആല്‍ബി, അരോമ മോഹന്‍, ബിജിബാല്‍, ഹരിനാരായണന്‍, ഹേമന്ദ്…കണ്‍ഗ്രാറ്റ്‌സ് ടീം ശുഭരാത്രി.

അതേസമയം, ഉദയകൃഷ്ണയുടെ തിരക്കഥയിലാണ് വ്യാസന്‍ തന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്.

ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ഒരു റിയലിസ്റ്റിക് ആക്ഷന്‍ ചിത്രമാണ് ഒരുക്കുന്നത്. ഒരു ചിത്രം കൂടി കഴിഞ്ഞിട്ടേ അത്തരമൊരു പ്രോജക്ടിലേക്കുള്ളു എന്ന് പറഞ്ഞിരുന്നു. എന്നാല്‍ എപ്പോഴായാലും വ്യാസന്‍ തന്നെ ചിത്രം സംവിധാനം ചെയ്താല്‍ മതിയെന്നാണ് അദ്ദേഹം പറഞ്ഞത് സൗത്ത് ലൈവിന്റെ ഫേസ് ടു ഫേസില്‍ വ്യാസന്‍ വെളിപ്പെടുത്തി.

അതേസമയം ശുഭരാത്രിയ്ക്ക് പ്രേക്ഷകരില്‍ നിന്ന് മാത്രമല്ല സിനിമാരംഗത്ത് നിന്ന് കൂടി മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.നെടുമുടി വേണു, സായി കുമാര്‍, ഇന്ദ്രന്‍സ്, നാദിര്‍ഷ, അജു വര്‍ഗീസ്, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധീപ് കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു എബ്രാഹം, കെപിഎസി ലളിത, തെസ്‌നി ഖാന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

സംഗീതം ബിജിബാല്‍. നിര്‍മ്മാണം അരോമ മോഹന്‍. വിതരണം അബാം മൂവീസ്. ആല്‍ബിയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.ചിത്രത്തിന്റേതായി നേരത്തെ ഇറങ്ങിയ പോസ്റ്ററുകളും ടീസറും ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീണ്ട 14 വര്‍ഷത്തോളമായി അഭിനയത്തില്‍ നിന്ന് വിട്ടുനിന്ന നാദിര്‍ഷ വീണ്ടും നടന്റെ കുപ്പായമണിയുന്നു എന്ന പ്രത്യേകതയും ശുഭരാത്രിയ്ക്കുണ്ട്.