അത് ആശിര്‍വാദ് സിനിമാസിന് സംഭവിച്ച ഏറ്റവും വലിയ പിഴവ്; ഒടുവില്‍ ട്രേഡ് അനലിസ്റ്റുകളും പറഞ്ഞു

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ഇന്‍ഡസ്ട്രി ഹിറ്റ് ചിത്രങ്ങളാണ് കൂടുതലും എത്തിയിട്ടുള്ളത്. അതിലൊന്നായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തിയ ദൃശ്യം. മലയാളത്തിലെ ആദ്യത്തെ അന്‍പത് കോടി ചിത്ര മായിരുന്നു ദൃശ്യം.

കഴിഞ്ഞ വര്‍ഷമാണ് ഇതിന്റെ രണ്ടാം ഭാഗവും ഇതേ കൂട്ടുകെട്ടില്‍ ആശീര്‍വാദ് സിനിമാസ് നിര്‍മ്മിച്ചത്. എന്നാല്‍ കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സമയമായതിനാലും തീയേറ്ററുകളില്‍ 50 ശതമാനം മാത്രം ആളുകളെ അനുവദിച്ചിരുന്ന സമയമായതിനാലും അവര്‍ ദൃശ്യം 2 നേരിട്ടുള്ള ഒടിടി റിലീസായാണ് എത്തിച്ചത്. മുപ്പത് കോടി രൂപയ്ക്കാണ് ഈ ചിത്രത്തിന്റെ ഒടിടി അവകാശം ആമസോണ്‍ പ്രൈം സ്വന്തമാക്കിയത്.

എന്നാലിപ്പോള്‍ ഈ ചിത്രത്തിന്റെ ഹിന്ദി റീമേക് തീയേറ്ററില്‍ വന്‍ വിജയം നേടി മുന്നേറുകയാണ് മലയാള ചിത്രം ഒടിടി റിലീസായി ഇറക്കിയത് ആശീര്‍വാദ് സിനിമാസ് ചെയ്ത് ഏറ്റവും വലിയ തെറ്റാണെന്ന് വിലയിരുത്തുകയാണ് ട്രേഡ് അനലിസ്റ്റുകള്‍.

200 കോടിയോളം ആഗോള ഗ്രോസ് നേടിയ ദൃശ്യം 2 ഹിന്ദി പതിപ്പിന്റെ വിദേശ ഗ്രോസ് മാത്രം അന്‍പത് കോടിയോളം ആയി. വിദേശത്ത് അജയ് ദേവ്ഗണിനെക്കാള്‍ മാര്‍ക്കറ്റുള്ള മോഹന്‍ലാലിന്റെ ദൃശ്യം 2 തീയേറ്ററില്‍ വന്നിരുന്നെങ്കില്‍, മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ബോക്‌സ് ഓഫിസ് നാഴികക്കല്ലായി മാറിയേനെ എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.

നല്ലൊരവസരമാണ് ആശീര്‍വാദ് സിനിമാസ് നഷ്ടമാക്കിയതെന്നും അവര്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ദൃശ്യം 2 ഹിന്ദി റീമേക്കിന്റെ സഹനിര്‍മ്മാതാക്കള്‍ കൂടിയായ ആശീര്‍വാദ് സിനിമാസ്, ഹിന്ദി പതിപ്പ് നേടിയ മഹാവിജയത്തോടെ സാമ്പത്തികമായി നേട്ടമുണ്ടാക്കിയെന്നതും ഒരു വസ്തുതയാണ്.