'മകന്‍ വീട്ടിലെത്തിയപോലെ തോന്നുന്നു'; ടൊവിനോയോട് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ അമ്മ

മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ബെംഗളൂരു യെലഹങ്കയിലെ വീട്ടില്‍ എത്തി നടന്‍ ടൊവിനോ തോമസ്. മകന്‍ വീട്ടിലെത്തിയപോലെ തോന്നുന്നെന്നായിരുന്നു മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ അമ്മ ധനലക്ഷ്മിയുടെ പ്രതികരണം. ടൊവീനോ തോമസ് പട്ടാള വേഷത്തിലെത്തിയ ചിത്രം “എടക്കാട് ബറ്റാലിയന്‍ 06” ജവാന്മാര്‍ക്ക് ആദരം എന്ന നിലയിലാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തെ പ്രശംസിച്ച് സന്ദീപ് ഉണ്ണികൃഷ്ണന്റെ അമ്മ ധനലക്ഷ്മി രംഗത്ത് വന്നിരുന്നു.

“ഒരു അമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ എനിക്കവനെ ഒന്ന് കെട്ടിപ്പിടിയ്ക്കണമെന്ന് തോന്നി, എന്റെ മാറോട് അണയ്ക്കണമെന്ന് തോന്നി. എനിക്ക് എല്ലാരും മക്കളാണ്. ടൊവീനോ ആ കഥാപാത്രത്തെ മികച്ചതാക്കി എന്നാണ് എനിക്ക് അനുഭവപ്പെട്ടത്. എന്റെ മകന്റെ സാദൃശ്യം കൂടെ എനിക്കതില്‍ തോന്നി. അതിനാല്‍ തന്നെ എത്ര പുകഴ്ത്തിയാലും എനിക്ക് മതിയാവില്ല.” എന്നാണ് ധനലക്ഷ്മി ചിത്രം തന്ന അനുഭവത്തെ കുറിച്ച് പറഞ്ഞത്.

സന്ദീപ് ഉണ്ണികൃഷ്ണന്റെ ഇഷ്ടഭക്ഷണമായ അപ്പവും സ്റ്റ്യൂവുമാണ് ധനലക്ഷ്മി ഉണ്ണികൃഷ്ണന്‍ നടന്‍ ടൊവിനോ തോമസിനുവേണ്ടി ഒരുക്കിയത്. രണ്ടുമാസം പ്രായമുള്ളപ്പോള്‍ സന്ദീപ് ഉണ്ണികൃഷ്ണനെ പുതപ്പിച്ച പുതപ്പുമുതല്‍ ഓരോന്നായി ധനലക്ഷ്മി ടൊവിനോയ്ക്ക് പരിചയപ്പെടുത്തി. എല്ലാ പിറന്നാളിനും മകനുവേണ്ടി ഇപ്പോഴും വാങ്ങുന്ന വസ്ത്രങ്ങളില്‍നിന്ന് ഒരു ടീഷര്‍ട്ടും ടൊവിനോയ്ക്ക് ധനലക്ഷ്മി സമ്മാനിച്ചു.

നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിലെ അംഗം ആയിരുന്ന മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ 2008 ല്‍ മുംബൈയില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ ഭീകരവാദികളുമായുള്ള പോരാട്ടത്തിനിടെയാണ് വീരമൃത്യു വരിച്ചത്. അടുത്ത വര്‍ഷം തന്നെ മരണാനന്തര ബഹുമതിയായി അശോക ചക്രം സമര്‍പ്പിച്ചു രാജ്യം അദ്ദേഹത്തെ ആദരിക്കുകയും ചെയ്തിരുന്നു.

പി. ബാലചന്ദ്രന്റെ തിരക്കഥയില്‍ നവാഗതനായ സ്വപ്‌നേഷ് കെ. നായരാണ് ചിത്രം സംവിധാനം ചെയ്തത്. കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സും റൂബി ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം. സംയുക്താ മേനോന്‍ ആണ് ചിത്രത്തിലെ നായിക. ദിവ്യാ പിളള, പി. ബാലചന്ദ്രന്‍, രേഖ, സന്തോഷ് കീഴാറ്റൂര്‍, നിര്‍മല്‍ പാലാഴി, ശങ്കര്‍ ഇന്ദുചൂഡന്‍, ശാലു റഹിം തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. കൈലാസ് മേനോന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.