ഡ്യൂപ്പില്ലാതെ വീണ്ടും ടൊവീനോയുടെ സാഹസികത; വൈറലായി വീഡിയോ

എടക്കാട് ബറ്റാലിയന്‍ 06 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോ തോമസിന് പൊള്ളലേറ്റെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. സംഭവത്തിന്റെ വീഡിയോ കൂടി പ്രചരിച്ചതോടെ ആരാധകരുടെ ചങ്കിടിപ്പ് ഇരട്ടിയായി. സംഭവത്തിന് പിന്നാലെ കാര്യമായി ഒന്നും സംഭവിച്ചില്ല എന്ന ടൊവീനോയുടെ തന്നെ കുറിപ്പ് വന്നതോടെയാണ് ആരാധകര്‍ക്ക് സമാധാനമായത്. ഇപ്പോഴിതാ ചിത്രത്തിനായി വീണ്ടും ഡ്യൂപ്പില്ലാതെ സാഹസിക രംഗങ്ങള്‍ ചെയ്ത് ആരാധകരെ അത്ഭുതപ്പെടുത്തുകയാണ് ടൊവീനോ.

കലങ്ങി മറിഞ്ഞ പുഴയിലേയ്ക്ക് കുട്ടിയുമായി പാലത്തില്‍ നിന്നും ചാടുന്ന ടൊവീനോയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മറിഞ്ഞ വാഹനത്തില്‍ നിന്നും തീപിടിച്ച വസ്ത്രവുമായാണ് ടൊവീനോ കുട്ടിയുമായി പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടുന്നത്.

നേരത്തെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് ടൊവീനോയ്ക്ക് അപകടമുണ്ടായത്. നാല് വശത്തും തീ ഉപയോഗിച്ച് ചിത്രീകരിക്കുന്ന രംഗമായിരുന്നു. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകന്‍ നിര്‍ബന്ധം പിടിച്ചെങ്കിലും അത് വേണ്ടെന്ന് ടൊവിനോ തീരുമാനിക്കുകയായിരുന്നു. ഷോട്ട് എടുത്ത് സംവിധായകന്‍ കട്ട് പറഞ്ഞെങ്കിലും രംഗം പൂര്‍ത്തിയാകാന്‍ കഴിയാഞ്ഞതിനാല്‍ ടൊവിനോ വീണ്ടും അഭിനയിക്കുകയായിരുന്നു. സംഘട്ടനരംഗം മുഴുവന്‍ ചെയ്തു തീര്‍ത്തതിനു ശേഷമാണ് ടൊവിനോ പിന്‍വാങ്ങിയത്.