'മിന്നല്‍ മുരളി'യായി ടൊവീനോ; ബേസില്‍ ജോസഫ് ചിത്രം ഡിസംബറില്‍ ഷൂട്ടിംഗ് ആരംഭിക്കും

ടൊവീനോ തോമസ് നായകനായെത്തിയ ബേസില്‍ ജോസഫ് ചിത്രം “ഗോദ” എന്ന ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ബേസില്‍ ജോസഫിനോടൊപ്പം “മിന്നല്‍ മുരളി” എന്ന ചിത്രം ചെയ്യാനൊരുങ്ങുകയാണ് താരം. ഒരു ലോക്കല്‍ സൂപ്പര്‍ഹീറോയായാണ് ടൊവീനോ ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറില്‍ ആരംഭിക്കുമെന്ന് സംവിധായകന്‍ വ്യക്തമാക്കി.

“കുഞ്ഞിരാമായണം”, “ഗോദ” എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ബേസില്‍ ജോസഫ്. മമ്മൂട്ടിയെയും ടൊവീനോയെയും ഒന്നിപ്പിച്ച് ബിഗ് ബഡ്ജറ്റ് സിനിമ ഒരുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും അത് ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് മിന്നല്‍ മുരളി ഒരുക്കാന്‍ തയാറെടുക്കുന്നത്.

വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേര്‍സിന്റെ ബാനറില്‍ സോഫിയ പോളാണ് സിനിമ നിര്‍മിക്കുന്നത്. അതേസമയം, ടൊവീനോയുടെതായി അനേകം സിനിമകള്‍ ഒരുങ്ങുന്നുണ്ട്. “കിലോമീറ്റേര്‍സ് ആന്റ് കിലോമീറ്റേര്‍സ്”, “എടക്കാട് ബറ്റാലിയന്‍ 06” എന്നീ ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. “കല്‍ക്കി”യാണ് താരത്തിന്റെ റിലീസായ ഏറ്റവും പുതിയ ചിത്രം.