മൂന്നു ദിനം കൊണ്ട് 7.43 കോടി; വിജയക്കുതിപ്പില്‍ ഫോറന്‍സിക്

ടൊവീനോ തോമസ്, മംമത മോഹന്‍ദാസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ “ഫോറന്‍സിക്ക്” തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രത്തിന് ഗംഭീര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ബോക്‌സ് ഓഫീസിലും ചിത്രം മികച്ച നേട്ടമാണ് കൊയ്യുന്നത്. മൂന്നു ദിനത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തു വരുമ്പോള്‍ 7.43 കോടി രൂപയാണ് ചിത്രത്തെ മൊത്തം കളക്ഷന്‍.

ഫെബ്രുവരി 28ന് റിലീസായ ചിത്രം ആദ്യ ദിനം തന്നെ 2.14 കോടി രൂപ കേരളത്തില്‍ നിന്ന് മാത്രം കളക്ട് ചെയ്തിരുന്നു. ഫോറന്‍സിക് സയന്‍സ് പ്രധാന പ്രമേയമാകുന്ന മലയാളത്തിലെ ആദ്യ മുഴുനീള ചിത്രമായാണ് “ഫോറന്‍സിക്” തിയേറ്ററുകളിലേക്ക് എത്തിയത്. സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ഫോറന്‍സിക് ഉദ്യോഗസ്ഥനായാണ് ടൊവീനോ വേഷമിട്ടത്. റിതിക സേവ്യര്‍ ഐപിഎസ് എന്ന കഥാപാത്രമായാണ് മംമ്ത എത്തിയത്.

സൈജു കുറുപ്പ്, ധനേഷ് ആനന്ദ് ഗിജു ജോണ്‍, റേബ മോണിക്ക ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ്. സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.