'നവരസയിലെ ഹാസ്യം അറപ്പുളവാക്കുന്ന ചിത്രം, ചിരിക്കാനായി ഒന്നുമില്ല'; പ്രിയദര്‍ശന്‍ ചിത്രത്തിന് എതിരെ രൂക്ഷവിമര്‍ശനവുമായി ടി.എം കൃഷ്ണയും ലീന മണിമേഖലയും

‘നവരസ’ ആന്തോളജിയില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘സമ്മര്‍ ഓഫ് 92’ എന്ന ചിത്രത്തിനെതിരെ വ്യാപക വിമര്‍ശനം. നവരസങ്ങളിലെ ഹാസ്യം എന്ന രസത്തെ അടിസ്ഥാനമാക്കിയായിരുന്നു സമ്മര്‍  ഓഫ് 92 ഒരുക്കിയിരുന്നത്. സംഗീതജ്ഞനായ ടി.എം. കൃഷ്ണ, സംവിധായിക ലീന മണിമേഖല എന്നിവരാണ് ചിത്രത്തിനെതിരെ പ്രധാനമായും വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

”നവരസയിലെ ഹാസ്യം അറപ്പുളവാക്കുന്ന ചിത്രമായിരുന്നു. തികച്ചും ഇന്‍സെന്‍സിറ്റീവും, ജാതീയതയും ബോഡി ഷെയ്മിംഗും നിറഞ്ഞ ചിത്രത്തില്‍ ചിരിക്കാനായി ഒന്നുമുണ്ടായിരുന്നില്ല. 2021ലും നമുക്ക് ഇത്തരം ചിത്രങ്ങള്‍ സൃഷ്ടിക്കാനാവില്ല. സമൂഹത്തിനോട് നമുക്ക് ബീഭത്സം തോന്നാന്‍ പറ്റിയ ചിത്രമായിരുന്നു ഇത്” എന്ന് ടി.എം കൃഷ്ണ ട്വീറ്റ് ചെയ്തു.

നെറ്റ്ഫ്ളിക്സും പ്രിയദര്‍ശനും മണിരത്നവും വൃത്തികെട്ട കാര്യമാണ് ചെയ്തിരിക്കുന്നത് എന്ന് മണിമേഖല പറയുന്നു. കറുത്ത വര്‍ഗക്കാരെയും ഗോത്രവിഭാഗങ്ങളെയും വര്‍ണ വിവേചനം നേരിടുന്ന മറ്റു വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ചിത്രങ്ങള്‍ അമേരിക്കയില്‍ നിര്‍മ്മിക്കുന്ന നെറ്റ്ഫ്ളിക്സ് ഇന്ത്യയിലെത്തുമ്പോള്‍ ജാതീയതയെ പ്രോത്സാഹിപ്പിക്കുകയാണെന്നും മണിമേഖല പറയുന്നു.

ബ്ലാക്ക്ലൈവ്സ്മാറ്റര്‍ രാഷ്ട്രീയമൊക്കെ വെറും കണ്‍കെട്ടാണെന്ന് ഇന്ത്യയിലെ നെറ്റ്ഫ്ളിക്സിന്റെ ‘ബ്രാഹ്‌മിണ്‍ കളികള്‍’ കാണുമ്പോള്‍ മനസിലാകുന്നുണ്ടെന്നും ലീന മണിമേഖല ട്വീറ്റ് ചെയ്തു. ഓഗസ്റ്റ് 6ന് ആണ് നവരസ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തത്. യോഗി ബാബു, നെടുമുടി വേണു, രമ്യ നമ്പീശന്‍, മണിക്കുട്ടന്‍ എന്നിവരാണ സമ്മര്‍ ഓഫ് 92വില്‍ വേഷമിട്ടിരിക്കുന്നത്.