കടുവ 50 കോടിക്ലബ്ബില്‍;പൃഥ്വിരാജിന് അപൂര്‍വ്വ നേട്ടം

പൃഥ്വിരാജ് ചിത്രം കടുവ ഇപ്പോഴും തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ മാസ്സ് ആക്ഷന്‍ ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് അമ്പത് കോടി ഗ്രോസ് പിന്നിട്ടു എന്ന വിവരമാണ് ഇപ്പോള്‍ പൃഥ്വിരാജ് സുകുമാരന്‍ പുറത്തു വിട്ടിരിക്കുന്നത്.

ഇതിനു തൊട്ടു മുന്‍പ് റിലീസ് ചെയ്ത ജനഗണമന എന്ന പൃഥ്വിരാജ് ചിത്രവും അമ്പത് കോടി ക്ലബില്‍ ഇടം നേടിയിരുന്നു. തുടര്‍ച്ചയായി രണ്ടു ചിത്രങ്ങള്‍ അമ്പത് കോടി ക്ലബിലെത്തിച്ച പൃഥ്വിരാജ് ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം മലയാള നടനുമായി മാറി.

2016 ഇല്‍ ഒപ്പം, പുലി മുരുകന്‍ എന്നീ ചിത്രങ്ങള്‍ അമ്പതു കോടി ക്ലബിലെത്തിച്ച മോഹന്‍ലാല്‍ ആണ് ഈ നേട്ടം സ്വന്തമായുണ്ടായിരുന്ന മലയാള നടന്‍. 2018 – 2019 ഇല്‍ ഒടിയന്‍, ലൂസിഫര്‍ എന്നീ ചിത്രങ്ങള്‍ അമ്പത് കോടി ക്ലബിലെത്തിച്ച മോഹന്‍ലാല്‍ ഈ നേട്ടം രണ്ടാം തവണയും ആവര്‍ത്തിച്ചിരുന്നു.

മാസ്റ്റര്‍ ഡയറക്ടര്‍ ഷാജി കൈലാസ് വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം തിരിച്ചു വന്ന ചിത്രമാണ് പൃഥ്വിരാജ് നായകനായ കടുവ. സംയുക്ത മേനോന്‍ നായികാ വേഷം ചെയ്ത ഈ ചിത്രത്തിലെ വില്ലന്‍ വേഷം ചെയ്തത് ബോളിവുഡ് താരമായ വിവേക് ഒബ്റോയിയാണ്. കലാഭവന്‍ ഷാജോണ്‍, അലെന്‍സിയര്‍,ബൈജു , സീമ, അര്‍ജുന്‍ അശോകന്‍, ജനാര്‍ദ്ദനന്‍, രാഹുല്‍ മാധവ്, പ്രിയങ്ക നായര്‍, വൃദ്ധി വിശാല്‍, ജൈസ് ജോസ്, സുരേഷ് കൃഷ്ണ, ഇന്നസെന്റ്, ജോയ് മാത്യു, ശിവജി ഗുരുവായൂര്‍ എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന് സംഗീതം പകര്‍ന്നത് ജേക്‌സ് ബിജോയ്യാണ്. ജിനു എബ്രഹാം തിരക്കഥ രചിച്ച കടുവക്കു ഒരു രണ്ടാം ഭാഗം കൂടിയുണ്ടാവുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.