സുബിയുടെ അവയവമാറ്റ നടപടിക്രമങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കിയിരുന്നു, കാലതാമസമുണ്ടായിട്ടില്ല; ആശുപത്രി സൂപ്രണ്ട്

സുബി സുരേഷിന്റെ അവയവമാറ്റ നടപടികളില്‍ കാലതാമസമുണ്ടായിട്ടില്ലെന്ന് ആലുവ രാജഗിരി ആശുപത്രി സൂപ്രണ്ട് സണ്ണി പി ഓരത്തേല്‍. സുബിക്ക് കരള്‍ രോഗം മൂര്‍ച്ഛിച്ച് ഇന്‍ഫെക്ഷന്‍ ആയി വൃക്കയെയും ഹൃദയത്തെയും ബാധിച്ചു. അവസാനം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു സുബിയുടെ അന്ത്യം എന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്.

സുബിയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കുള്ള നടപടികള്‍ ആശുപത്രിയില്‍ പുരോഗമിക്കുകയായിരുന്നു. അവരുടെ കുടുംബത്തില്‍ നിന്നും തന്നെ കരള്‍ ദാതാവിനെയും കണ്ടെത്തിയിരുന്നു. എന്നാല്‍ സുബിക്ക് ഇന്‍ഫക്ഷന്‍ ഉണ്ടായിരുന്നതിനാല്‍ ആ സമയത്ത് ശസ്ത്രക്രിയ നടത്താന്‍ കഴിഞ്ഞില്ല.

എല്ലാ അവസ്ഥയിലും കരള്‍ മാറ്റിവയ്ക്കല്‍ സാധ്യമല്ല. പരിശോധനകള്‍ക്ക് ശേഷമാണ് സുബിക്ക് കരള്‍ മാറ്റി വയ്ക്കണമെന്ന് സ്ഥിരീകരിച്ചത്. അതിന് ശേഷം ദാതാവിനെ കണ്ടെത്തി. ടെസ്റ്റുകള്‍ നടത്തി. മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന നടപടിക്രമങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൂര്‍ത്തിയാക്കിയിരുന്നു.

എന്നാല്‍ രോഗം മൂര്‍ച്ഛിച്ചിരിക്കുന്ന സമയത്ത് കരള്‍ മാറ്റിവയ്ക്കാന്‍ കഴിയില്ല. സ്വീകരിക്കുന്നയാള്‍ തുടര്‍ന്ന് ജീവിക്കുമെന്ന് ഉറപ്പാക്കി മാത്രമേ ശസ്ത്രക്രിയ നടത്താന്‍ കഴിയുകയുള്ളു. അവയവമാറ്റത്തിന് നടപടിക്രമത്തില്‍ കാലതാമസമുണ്ടായിട്ടില്ല എന്നാണ് ആശുപത്രി സൂപ്രണ്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്.