ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രദര്‍ശനാനുമതി നല്‍കിയ കേരള സ്റ്റോറി 2 സിനിമ കാണാന്‍ കേരളത്തിലെ തിയറ്ററുകളില്‍ ആളില്ല. ആദ്യദിനമായ ഇന്ന് ബുക്കിം?ഗ് കണക്ക് വളരെ കുറവാണ്. കോഴിക്കോട് റീഗല്‍ തിയേറ്ററില്‍ ബുക്ക് ചെയ്തത് രണ്ടു പേര്‍ മാത്രമാണ്. ഇതോടെ ഷോ ക്യാന്‍സല്‍ ചെയ്തു. നിയമനടപടികള്‍ക്കൊടുവില്‍ പ്രദര്‍ശനാനുമതി ലഭിച്ച വിവാദചിത്രം ‘ദ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്’ കേരളത്തില്‍ പ്രദര്‍ശിപ്പിക്കാനെടുത്തിരിക്കുന്നത് കേവലം 38 തിയേറ്ററുകള്‍ മാത്രമാണ്. ചിത്രം വിതരണത്തിനെത്തിച്ച എപി ഇന്റര്‍നാഷണലിന്റെ കണക്കുകള്‍ പ്രകാരം തെക്കന്‍ കേരളത്തില്‍ ഒന്‍പതു തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലായി 14 ഇടത്തും, മലബാറില്‍ 15 തിയേറ്ററുകളിലുമാണ് ചിത്രമെത്തിയത്. ഇതില്‍ തന്നെ പലയിടങ്ങളിലും ആളുകള്‍ ഇല്ലാത്തിനാല്‍ പ്രദര്‍ശനം റദ്ദാക്കിയതായുള്ള വിവരമാണ് പുറത്തുവരുന്നത്.
പ്രധാന മള്‍ട്ടിപ്ലെക്സ് ശൃംഖലകളിലാണ് ചിത്രം കൂടുതലായും കേരളത്തില്‍ പ്രദര്‍ശനത്തിനുള്ളത്. ചിത്രം കാണാന്‍ പ്രേക്ഷകര്‍ എത്താതിരുന്നതോടെയാണ് പ്രദര്‍ശനം റദ്ദാക്കാന്‍ തിയേറ്ററുകള്‍ തീരുമാനിച്ചത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പ്രദര്‍ശനം തടഞ്ഞ ചിത്രത്തിന് ഡിവിഷണ്‍ ബെഞ്ചിന്റെ ഭാഗത്ത് നിന്ന് തിടുക്കപ്പെട്ട് അനുമതി ലഭിച്ച് വെള്ളിയാഴ്ച തന്നെ റിലീസ് ചെയ്ത ചിത്രത്തിന് കേരളത്തില്‍ തണുത്തപ്രതികരണമാണ് ലഭിക്കുന്നത്.
കോഴിക്കോട്ട് കഴിഞ്ഞദിവസം രാത്രി നടക്കേണ്ടിയിരുന്ന ഷോ റദ്ദാക്കിയതായി വിവരമുണ്ട്. എറണാകുളം മരടിലെ തിയേറ്ററില്‍ രാവിലെ 10.10-ന് നടക്കേണ്ട ഷോയും ഒഴിവാക്കി. സിനിമ കാണാന്‍ ആരും എത്താതിരുന്നതോടെയാണ് ഷോ റദ്ദാക്കിയത്. എറണാകുളത്ത് ഏഴ് തിയറ്ററുകളിലാണ് കേരള സ്റ്റോറി 2 പ്രദര്‍ശിപ്പിക്കുന്നത്. ഷോ നടക്കുന്ന ജില്ലയിലെ പാന്‍ സിനിമസ് തിയറ്ററില്‍ ആകെ ബുക്ക് ചെയ്തത് 6 പേര്‍ മാത്രമാണ്. പിവിആറില്‍ രണ്ടുപേരാണ് ബുക്ക് ചെയ്തത്. കൊച്ചിയിലെ പ്രമുഖമായ ഷേണായി തിയറ്ററിലും ആളുകള്‍ എത്തിയിട്ടില്ല.
Read more
ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച കേരള സ്റ്റോറി 2ന് കഴിഞ്ഞ ദിവസമാണ് കേരള ഹൈക്കോടതി പ്രദര്‍ശനാനുമതി നല്‍കിയത്. റിലീസ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു. സിനിമ പ്രഥമദൃഷ്ട്യ മത സൗഹാര്‍ദത്തിന് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ചിത്രത്തിന്റെ റിലീസ് പതിനഞ്ച് ദിവസത്തേക്ക് തടഞ്ഞത്. എന്നാല്‍ ഡിവിഷന്‍ ബെഞ്ച് അടിയന്തരമായി ഇടപെട്ട് പ്രദര്‍ശനാനുമതി നല്‍കുകയായിരുന്നു. ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധര്‍മ്മാധികാരിയും ജസ്റ്റിസ് പി.വി. ബാലകൃഷ്ണനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് പ്രദര്‍ശനാനുമതി നല്‍കിയത്.







