റിലീസിന് ഒരുങ്ങി 'തെളിവ്'; ഓഡിയോ ലോഞ്ച് നാളെ

പ്രശസ്ത സംവിധായകന്‍ എം.എ നിഷാദിന്റെ പുതിയ ചിത്രം “തെളിവ്” റീലീസിങ്ങിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഓഡിയോ  ഞായറാഴ്ച്ച ലോഞ്ച് ചെയ്യും. തിരുവനന്തപുരം മാള്‍ ഓഫ് ട്രാവന്‍കൂറില്‍ വൈകിട്ട് ആറിന് നടക്കുന്ന പരിപാടിയാണ് ഓഡിയോ ലോഞ്ച് ചെയ്യുക. ചെറിയാന്‍ കല്‍പ്പകവാടി തിരക്കഥയൊരുക്കിയ ചിത്രം ഒരു കുറ്റാന്വേഷണത്തിന്റെ ഉദ്വേഗജനകമായ വഴികളിലൂടെയാണ് കടന്നുപോകുന്നത്.

ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു സ്ത്രീ സമൂഹത്തില്‍ നേരിടുന്ന കഠിനമായ പരീക്ഷണങ്ങളും അതിജീവനത്തിനായി നടത്തേണ്ടിവരുന്ന പോരാട്ടങ്ങളും സിനിമയില്‍ പ്രമേയമാകുന്നുണ്ട്. ആശാ ശരത്ത്, ലാല്‍, രഞ്ജി പണിക്കര്‍, നെടുമുടി വേണു, സയിദ് മൊഹസിന്‍ ഖാന്‍, മണിയന്‍പിള്ള രാജു, രാജേഷ് ശര്‍മ തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഇഥിക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേംകുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

എം. ജയച്ചന്ദ്രന്‍ പശ്ചാത്തല സംഗീതവും കല്ലറ ഗോപന്‍ സംഗീതസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. കെ. ജയകുമാര്‍, പ്രഭാ വര്‍മ എന്നിവരാണ് തെളിവിലെ ഗാനങ്ങള്‍ രചിച്ചത്. നിഖില്‍ എസ്. പ്രവീണ്‍ ഛായാഗ്രഹണവും ശ്രീകുമാര്‍ നായര്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ഒക്‌റ്റോബര്‍ 18ന് ചിത്രം തിയേറ്ററുകളിലെത്തും.