എല്ലാ മതങ്ങളുമായി ബന്ധപ്പെട്ടും ഇതേ അപകടസാധ്യതയുണ്ട്, നാളെ കഥാപാത്രങ്ങൾക്ക് പേരിന് പകരം നമ്പറിടേണ്ടി വരുന്ന അവസ്ഥ വന്നേക്കാം : രഞ്ജി പണിക്കർ

സുരേഷ് ഗോപി നായകനാകുന്ന ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയുടെ റിലീസ് തടഞ്ഞ സെൻസർ ബോർഡ് നടപടിയെ വിമർശിച്ച് രഞ്ജി പണിക്കർ. ദൈവത്തിന്റെ പേരായതിനാൽ സിനിമയ്ക്ക് ജാനകി എന്ന പേരിടാൻ സാധിക്കില്ലെന്നാണ് സെൻസർ ബോർഡ് പറയുന്നത്.

ഈ സാഹചര്യം തുടർന്നാൽ നാളെ കഥാപാത്രങ്ങൾക്ക് പേരിന് പകരം നമ്പർ ഇട്ട് വിളിക്കേണ്ടി വരുമെന്നാണ് രഞ്ജി പണിക്കർ പറയുന്നത്. ഫെഫ്ക നടത്തിയ പത്രസമ്മേളനത്തിലായിരുന്നു രഞ്ജി പണിക്കരുടെ പ്രതികരണം.

‘ഇതിലൊരു അപകട സാധ്യതയുണ്ട്. വ്യക്തികൾക്ക് നമ്മുടെ സംസ്‌കാരവും പാരമ്പര്യവും അനുസരിച്ച് ലഭിക്കുന്ന എല്ലാ നാമങ്ങളും ഏതെങ്കിലുമൊക്കെ അർത്ഥത്തിൽ ദൈവ നാമവുമായി ബന്ധപ്പെട്ടതാണ്. കഥാപാത്രങ്ങളുടെ പേരിനെ ചൊല്ലിയുണ്ടാകുന്ന പ്രശ്‌നങ്ങൾ നാളെ കഥാപാത്രങ്ങൾക്ക് പേരിന് പകരം നമ്പറിടേണ്ടി വരുന്ന സാഹചര്യത്തിലേക്ക് പോയേക്കാം. ഏത് പേരിനേയും ഇങ്ങനെ എതിർക്കാം. ജാനകി എന്ന് പറയുന്നത് മുപ്പത്തിമുക്കോടി ദേവതകളിൽ ഒന്നിന്റെ പേരാണെങ്കിൽ എല്ലാ മതങ്ങളുമായി ബന്ധപ്പെട്ടും ഇതേ അപകട സാധ്യതയുണ്ട്” എന്നാണ് രഞ്ജി പണിക്കർ പറയുന്നത്.

വരാനിരിക്കുന്ന അന്തരീക്ഷത്തിന്റെ ഭീകരത എന്താണെന്ന് വിളിച്ച് പറയുന്ന ഏറ്റവും പുതിയ സംഭവമായിട്ട് വേണം ഇതിനെ കാണാൻ. നാളെ കഥാപാത്രങ്ങൾക്ക് പേരിടാതെ നമ്പർ ഇട്ട് സിനിമയും കഥകളും നാടകവും ഉണ്ടാക്കേണ്ടി വരുന്ന സാഹചര്യമുണ്ടാകുമെന്നും രഞ്ജി പണിക്കർ പറഞ്ഞു.