'സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് വേണ്ടി ടെന്‍ഷന്‍ അടിച്ചു വെയ്റ്റ് ചെയ്യുന്ന സംവിധായകന്‍'; ദ പ്രീസ്റ്റിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന “ദ പ്രീസ്റ്റ്” ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി. യു/എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂര്‍ 26 മിനിറ്റ് 35 സെക്കന്റ് ആണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ചിത്രത്തിന്റെ സെന്‍സറിംഗ് നടക്കുമ്പോള്‍ ടെന്‍ഷന്‍ അടിച്ച് നില്‍ക്കുന്ന സംവിധായകന്‍ ജോഫിന്‍ ടി ചാക്കോയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

തിരുവനന്തപുരം കലാഭവന്‍ തിയേറ്ററിലാണ് ചിത്രത്തിന്റെ സെന്‍സറിംഗ് നടന്നത്. ചിത്രത്തിന്റെ ലുക്ക് പോസ്റ്ററുകളും ടീസറും ഗാനവുമെല്ലാം ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. നിഖില വിമല്‍, ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി.ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂര്‍ തുടങ്ങിയ താരങ്ങള്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ലുക്ക് പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍ഡി ഇല്ലുമിനേഷന്‍സ് പ്രസന്‍സിന്റെയും ബാനറില്‍ ആന്റോ ജോസഫും, ബി. ഉണ്ണികൃഷ്ണനും, വി.എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജോഫിന്‍ ടി. ചാക്കോയുടെത് തന്നെ കഥ. ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം ഒരുക്കുന്നത് രാഹുല്‍ രാജ് ആണ്. പ്രൊജക്ട് ഡിസൈനര്‍-ബാദുഷ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ബേബി പണിക്കര്‍, അസോസിയേറ്റ് ഡയറക്ടര്‍-പ്രേംനാഥ്.