'മരണവാർത്ത വളരെ വേദനയുണ്ടാക്കി, നേരിട്ട് വീട്ടില്‍ എത്തി കാണണമെന്ന് തോന്നി'; ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സൂര്യ

അന്തരിച്ച മലയാളത്തിന്റെ പ്രിയ നടന്‍ ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ച് തെന്നിന്ത്യന്‍ താരം സൂര്യ. ഇന്നലെ എത്തുമെന്ന് അറിയിച്ചെങ്കിലും എത്താന്‍ സാധിച്ചിരുന്നില്ല. ഇന്ന് രാവിലെ തന്നെ കണ്ടനാടുള്ള വീട്ടിലെത്തി ആദരമര്‍പ്പിക്കുകയായിരുന്നു. മരണവാർത്ത വളരെ വേദനയുണ്ടാക്കിയെന്ന് സൂര്യ പറഞ്ഞു.

കുഞ്ഞുനാള്‍ മുതല്‍ ശ്രീനിവാസന്റെ വലിയ ആരാധകനാണ് താനെന്ന് സൂര്യ പറഞ്ഞു. സിനിമയില്‍ ഞാന്‍ വരുന്നതിന് മുന്‍പേ അദ്ദേഹത്തിന്റെ സൃഷ്ടികള്‍ ഫോളോ ചെയ്യുന്നുണ്ട്. കൊച്ചിയിലുള്ളപ്പോഴാണ് വിയോഗ വാര്‍ത്ത അറിയുന്നത്. വളരെ വേദനയുണ്ടാക്കി. നേരിട്ട് വീട്ടില്‍ എത്തി കാണണമെന്ന് തോന്നി. അദ്ദേഹത്തിന്റെ സംഭാവനകള്‍, പഠിപ്പിച്ച കാര്യങ്ങള്‍, എഴുത്ത് തുടങ്ങി സിനിമയ്ക്കായി അദ്ദേഹം നല്‍കിയതെല്ലാം എല്ലാക്കാലവും ഓര്‍മിക്കപ്പെടും. ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും സൂര്യ പറഞ്ഞു.

കണ്ടനാടുള്ള വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ രാവിലെ 10 മണിക്കാണ് ശ്രീനിവാസന്റെ സംസ്‌കാരം. എറണാകുളം ടൗണ്‍ ഹാളില്‍ ഇന്നലെ നടന്ന പൊതുദര്‍ശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, നടന്മാരായ മമ്മൂട്ടി മോഹന്‍ ലാല്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.

Read more