വിവാദങ്ങള്‍ കൈത്താങ്ങായി, ആദ്യദിനം തന്നെ കേരളാസ്‌റ്റോറി നേടിയത്, കളക്ഷന്‍ റിപ്പോര്‍ട്ട്

പ്രമേയം ഉയര്‍ത്തിയ വിവാദങ്ങള്‍ക്കിടയിലൂടെയാണ് കഴിഞ്ഞ ദിവസം ദി കേരള സ്റ്റോറി തിയേറ്ററുകളിലെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യദിന ബോക്‌സ് ഓഫീസ് കളക്ഷന്‍ വിവരങ്ങളാണ് പുറത്തുവരുന്നത്.

സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം 7.5 കോടി രൂപയാണ് നേടിയതെന്ന് ട്രെഡ് അനലിസ്റ്റുകളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യ മുഴുവനുമായുള്ള കണക്കാണിത്. പിവിആര്‍, ഇനോക്‌സ്, സിനിപോളിസ് എന്നീ മള്‍ട്ടിപ്ലെക്‌സ് ചെയിനുകളില്‍ നിന്ന് നാല് കോടി രൂപ ലഭിച്ചതായി ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്തു.

അക്ഷയ് കുമാറിന്റെ സെല്‍ഫി (2.55 കോടി രൂപ), കാര്‍ത്തിക് ആര്യന്റെ ഷെഹ്സാദ (6 കോടി രൂപ), വിവാദമായ ദി കാശ്മീര്‍ ഫയല്‍സ് (3.5 കോടി രൂപ) എന്നിവയേക്കാള്‍ മികച്ച ഓപ്പണിംഗ് ആണ് കേരള സ്റ്റോറി ആദ്യ ദിനത്തില്‍ നേടിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത കേരള സ്റ്റോറിയുടെ പല ഷോകളും റദ്ദാക്കിയിരുന്നു. പിവിആറിന്റെ കൊച്ചി, തിരുവനന്തപുരം അടക്കമുള്ള സ്‌ക്രീനുകളില്‍ ചിത്രത്തിന്റെ പ്രദര്‍ശനങ്ങള്‍ റദ്ദാക്കിയിരുന്നു. കൊച്ചിയിലെ ലുലു മാള്‍, ഒബറോണ്‍ മാള്‍, തിരുവനന്തപുരം ലുലു മാള്‍ എന്നിവിടങ്ങളിലുള്ള പിവിആര്‍ സ്‌ക്രീനുകളിലെ പ്രദര്‍ശനങ്ങളും റദ്ദാക്കപ്പെട്ടിരുന്നു.

അതേസമയം, കേരള സ്റ്റോറിയെ പ്രശംസിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. ദ കേരള സ്റ്റോറി തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ 21 സ്‌ക്രീനുകളിലാണ് കേരള സ്റ്റോറി റിലീസിന് എത്തിയത്.