ബോക്‌സ്ഓഫീസിന് 'ടൈഗേഴ്സ് ഓര്‍ഡര്‍'; കോടികള്‍ വാരിക്കൂട്ടി ജയിലര്‍, കേരളത്തില്‍നിന്ന് ഞായറാഴ്ച മാത്രം നേടിയത് ഏഴ് കോടി

ബോക്‌സ്ഓഫീസില്‍ കൊടുങ്കാറ്റായി രജനികാന്തിന്റെ ജയിലര്‍. ഓഗസ്റ്റ് പത്തിനു റിലീസ് ചെയ്ത ചിത്രം ഇതുവരെ വാരിയത് 300 കോടി. തമിഴ്‌നാട്ടില്‍ നിന്നു മാത്രം കലക്ഷന്‍ 80 കോടി പിന്നിട്ടു. കേരളത്തില്‍ ഞായറാഴ്ച മാത്രം നേടിയത് ഏഴ് കോടി രൂപ. 2023 ലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് ചിത്രം കുതിക്കുന്നത്.

100 കോടി രൂപ പിന്നിടുന്ന രജനിയുടെ ഒമ്പതാമത്തെ ചിത്രമായി മാറിയിരിക്കുകയാണ് ജയിലര്‍. രജനിയുടെ കരിയറില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം ‘2.0’ ആണ്. ‘എന്തിരന്‍’ ചിത്രത്തിന്റെ സീക്വല്‍ ആയി എത്തിയ സിനിമ 723 കോടി രൂപയാണ് ആഗോള ബോക്സോഫീസില്‍ നിന്നും നേടിയത്. ‘പേട്ട’ 260 കോടിയാണ് നേടിയത്. 247.80 കോടി കളക്ഷനാണ് ‘ദര്‍ബാര്‍’ നേടിയത്. 211 കോടിയാണ് ‘കബാലി’യുടെ കളക്ഷന്‍.

‘കാലാ’ 160 കോടിയാണ് ബോക്സോഫീസില്‍ നിന്നും നേടിയത്. ‘ലിങ്ക’ 154 കോടിയാണ് നേടിയത്. ‘ശിവാജി: ദ ബോസ്’ 152 കോടിയും ‘അണ്ണാത്തെ’ 124.30 കോടിയുമാണ് തിയേറ്ററുകളില്‍ നിന്നും നേടിയത്. ബോക്സോഫീസില്‍ നല്ല കളക്ഷന്‍ നേടിയെങ്കിലും ഈ സിനിമകള്‍ക്കെതിരെ നെഗറ്റീവ് റിവ്യൂകളും ഉയര്‍ന്നിരുന്നു.

‘ബീസ്റ്റി’ന്റെ പരാജയത്തിനു േശഷം നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രമാണ് ജയിലര്‍. ചിത്രത്തില്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്. വിനായകന്‍ ആണ് ചിത്രത്തില്‍ വില്ലനായി എത്തിയത്. മോഹന്‍ലാലിന്റെയും ശിവരാജ് കുമാറിന്റെ കാമിയോ റോളുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.