പ്രമോഷന്‍ ഉപേക്ഷിച്ചു, എങ്കിലും ബോക്‌സ് ഓഫീസില്‍ ഞെട്ടിക്കുന്ന കളക്ഷന്‍; ഓപ്പണിങ് ദിനത്തില്‍ നേടിയത് കോടികള്‍, റിപ്പോര്‍ട്ട് പുറത്ത്

ആദ്യ ദിനത്തില്‍ തന്നെ ഗംഭീര പ്രതികരണം നേടിയതോടെ ബോക്‌സ് ഓഫീസിലും കത്തിക്കയറി വിക്രം ചിത്രം ‘തങ്കലാന്‍’. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ സിനിമയുടെ പ്രമോഷന്‍ റദ്ദാക്കിയിരുന്നു. എങ്കിലും ഗംഭീര കളക്ഷനാണ് ചിത്രം ഓപ്പണിങ് ദിനത്തില്‍ നേടിയിരിക്കുന്നത്.

കേരളത്തിലെ പ്രമോഷന് നീക്കിവെച്ച തുക വയനാടിന് നല്‍കുകയായിരുന്നു തങ്കലാന്റെ അണിയറപ്രവര്‍ത്തകര്‍. കേരളത്തില്‍ നിന്നും ഒരു കോടിയില്‍ അധികം രൂപയാണ് ചിത്രം കളക്ഷന്‍ നേടിയിരിക്കുന്നത്. ആഗോളതലത്തില്‍ 12.6 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സുമാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കെ.ഇ ജ്ഞാനവേല്‍ രാജയാണ് തങ്കലാന്‍ അവതരിപ്പിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കെജിഎഫില്‍ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയത്.

ജി.വി പ്രകാശ് കുമാര്‍ സംഗീതസംവിധാനവും എ കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. മാളവിക മോഹനനും പാര്‍വതി തിരുവോത്തുമാണ് ചിത്രത്തില്‍ നായികമാരായി എത്തിയത്. പശുപതി, ഹരി കൃഷ്ണന്‍, അന്‍പു ദുരൈ തുടങ്ങി താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിട്ടുണ്ട്.

Read more