പോരാടാൻ ആസിഫ് അലിയും ബിജു മേനോനും; ജിസ് ജോയ് ചിത്രം 'തലവൻ' ഏറ്റവും പുതിയ അപ്ഡേറ്റ്

ആസിഫ് അലി, ബിജു മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തലവൻ’. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

രണ്ട് പൊലീസ് ഓഫീസർമാർ തമ്മിലുള്ള സംഘർഷങ്ങളായിരിക്കും ചിത്രത്തിന്റെ പ്രമേയമെന്ന് ടീസറിൽ നിന്നും സൂചന ലഭിക്കുന്നു. സംവിധായകൻ ദിലീഷ് പോത്തനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലർ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്.

ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൌർണമിയും എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത് മലയാള സിനിമയിൽ ശ്രദ്ധേയനായ സംവിധായകനാണ് ജിസ് ജോയ്. ആസിഫ് അലിയെയും, ആന്റണി വർഗീസിനെയും പ്രധാന കഥാപാത്രങ്ങളാക്കി ‘ഇന്നലെ വരെ’ എന്ന ചിത്രമായിരുന്നു ജിസ് ജോയിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം

ശരത് പെരുമ്പാവൂര്‍, ആനന്ദ് തേവരക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. അനുശ്രീ, മിയ, ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ജോജി കെ. ജോണ്‍, ദിനേശ്, അനുരൂപ്, നന്ദന്‍ ഉണ്ണി, ബിലാസ് എന്നിവരാണ് തലവനിലെ മറ്റ് താരങ്ങൾ.

അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് ഇന്‍ അസ്റ്റോസിയേഷന്‍ വിത്ത് ലണ്ടന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ ചേർന്നാണ് തലവൻ നിർമ്മിക്കുന്നത്.