ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമം; ജയലളിതയുടെ ബയോപികില്‍ എം ജി ആറായി അരവിന്ദ് സ്വാമി

ഒടുവില്‍ ആരാധകരുടെ ആകാംഷാഭരിതമായ കാത്തിരിപ്പിന് വിരാമം. തമിഴ്‌നാട് മുഖ്യമന്ത്രി ആയിരുന്ന ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എം ജി ആറിന്റെ വേഷത്തിലെത്തുന്നത് അരവിന്ദ് സ്വാമി . തലൈവി എന്ന് പേരുള്ള ചിത്രത്തില്‍ കങ്കണ റണൗതാണ് ജയലളിതയാവുന്നത്.

ചെക്ക ചിവന്ത വാനം എന്ന മണിരത്‌നം ചിത്രത്തിലാണ് അരവിന്ദ് സ്വാമി ഒടുവില്‍ അഭിനയിച്ചത്. കെ വി വിജയേന്ദ്ര പ്രസാദും രജത് അറോറയുമാണ് തലൈവിയുടെ രചന. 1977 മുതല്‍ 1987 വരെ പത്തുവര്‍ഷക്കാലം തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്നു എം ജി ആര്‍. ജയലളിതയുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. രാഷ്ട്രീയക്കാരനപ്പുറം സിനിമാതാരം കൂടിയായിരുന്നു എം ജി ആര്‍.

ചിത്രത്തിനായി കങ്കണ തമിഴ് പഠിക്കുന്നുണ്ട്. ഒരു മാസത്തെ റിഹേഴ്‌സല്‍ ക്യാമ്പിലും അവര്‍ പങ്കെടുത്തു. തമിഴ്, തെലുഗ്, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ സംഗീതം ജി വി പ്രകാശ് ആണ്. നീരവ് ഷായാണ് ഛായാഗ്രഹണം.