അലി അക്ബറിന്റെ 'വാരിയംകുന്നന്‍' തലൈവാസല്‍ വിജയ്; കരിയറിലെ പ്രധാന സിനിമയെന്ന് താരം

മലബാര്‍ ലഹള പശ്ചാത്തലമാക്കി അലി അക്ബര്‍ ഒരുക്കുന്ന “1921 പുഴ മുതല്‍ പുഴ വരെ” എന്ന ചിത്രത്തില്‍ നായക കഥാപാത്രം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അവതരിപ്പിക്കുന്നത് നടന്‍ തലൈവാസല്‍ വിജയ്. നിലവില്‍ വയനാട് ആണ് ചിത്രീകരണം നടക്കുന്നത്. ഇവിടെ നിന്നുള്ള ലൈവിനിടെയാണ് അലി അക്ബര്‍ നായകനെ പരിചയപ്പെടുത്തിയിരിക്കുന്നത്.

തന്റെ കരിയറിലെ ഒരു പ്രധാനപ്പെട്ട സിനിമയാണിത് എന്നാണ് തലൈവാസല്‍ വിജയ്‌യുടെ പ്രതികരണം. “”ഞാന്‍ 200-300 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ചില സിനിമകളിലെ കഥാപാത്രങ്ങളോട് നമുക്ക് ആവേശം തോന്നും. വലിയ താല്‍പര്യമായിരിക്കും അത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍. ഇത് അത്തരത്തിലുള്ള ഒരു സിനിമയാണ്. എന്റെ കരിയറിലെ പ്രധാന സിനിമകളില്‍ ഒന്ന്”” എന്നാണ് താരം പറയുന്നത്.

ചിത്രത്തിന്റെ ക്രൂ അംഗങ്ങളെയും അലി അക്ബര്‍ പരിയപ്പെടുത്തി. ഫെബ്രുവരി 20ന് ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. വയനാട്ടിലെ ജനങ്ങളും കുടുംബങ്ങളും സഹകരിക്കുന്നുണ്ടെന്നും സംവിധായകന്‍ വീഡിയോയില്‍ വ്യക്തമാക്കി. മമധര്‍മ എന്ന ക്രൗഡ് ഫണ്ടിംഗ് വഴിയാണ് സിനിമ നിര്‍മ്മിക്കുന്നത്.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന “വാരിയംകുന്നന്‍” എന്ന സിനിമ സംവിധായകന്‍ ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് അലി അക്ബറും സംവിധായകരായ പി.ടി കുഞ്ഞുമുഹമ്മദും, ഇബ്രാഹിം വേങ്ങരയും സിനിമ പ്രഖ്യാപിച്ചത്.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വില്ലനാക്കിയാണ് അലി അക്ബറിന്റെ 1921 പുഴ മുതല്‍ പുഴ വരെ എത്തുന്നത്. പി.ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ഷഹീദ് വാരിയംകുന്നന്‍ എന്നും ഇബ്രാഹിം വേങ്ങരയുടെത് ദി ഗ്രേറ്റ് വാരിയംകുന്നന്‍ എന്നുമാണ്.