'തലൈവർ 170' ; നാളെ വരാനിരിക്കുന്നത് വമ്പൻ അപ്ഡേറ്റ്

ജയിലറിന്റെ വൻ വിജയത്തിന് ശേഷം രജനികാന്ത് നായകനായെത്തുന്ന സിനിമയാണ് ‘തലൈവർ 170’ എന്ന് ടാഗ് ലൈൻ നൽകിയിരിക്കുന്ന ടി. ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം. വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

33 വർഷത്തിന് ശേഷം രജനികാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും തലൈവർ 170നുണ്ട്. മുകുൾ എസ് ആനന്ദ് സംവിധാനം ചെയ്ത് 1991 ൽ പുറത്തിറങ്ങിയ ‘ഹം’ എന്ന ചിത്രത്തിലാണ് അമിതാഭ്- രജനി കൂട്ടുക്കെട്ട് അവസാനമായി ഒന്നിച്ചഭിനയിച്ചത്.

ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, റാണ ദഗുബാട്ടി, ദുഷാര വിജയൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ചിത്രത്തിന്റെ പേരും രജനിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള ടീസർ വീഡിയോയും നാളെ വൈകീട്ട് 5 മണിക്ക് പുറത്തുവിടുമെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഏറ്റവും പുതിയ അപ്ഡേറ്റ്.

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്ക്കരനാണ് ചിത്രത്തിന്റെ നിർമ്മാണം. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നൽകുന്നത്.