വിവാദച്ചുഴിയില്‍ നിന്നും കരകയറാനാവാതെ ‘എമ്പുരാന്‍’. ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ ഒരു വിഭാഗം കര്‍ഷകര്‍. ചിത്രത്തിലെ അണക്കെട്ടിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നീക്കണം എന്നാവശ്യപ്പെട്ടാണ് കര്‍ഷകര്‍ രംഗത്തെത്തിയിരിക്കുന്നത്.
ചിത്രത്തില്‍ നെടുമ്പള്ളി ഡാം എന്ന സാങ്കല്പിക പേരില്‍ പറയുന്ന അണക്കെട്ട് മുല്ലപ്പെരിയാറിനെ ഉദ്ദേശിച്ചുള്ളതാണെന്നും ഇതിനെ കുറിച്ചുള്ള സംഭാഷണ ഭാഗങ്ങള്‍ ഒഴിവാക്കണമെന്നുമാണ് ആവശ്യം. ഇതില്‍ നടപടി എടുത്തില്ലെങ്കില്‍ പ്രതിഷേധം ശക്തിപ്പെടുത്തുമെന്നും തമിഴ്നാട് കര്‍ഷകസംഘടന മുന്നറിയിപ്പ് നല്‍കി.
മുല്ലപ്പെരിയാര്‍ വൈഗൈ ഇറിഗേഷന്‍ ഫാര്‍മേഴ്സ് അസോസിയേഷന്‍ കോഡിനേറ്റര്‍ ബാലസിംഗവും അണക്കെട്ട് പരാമര്‍ശത്തിനെതിരെ രംഗത്തെത്തി. മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ കുറിച്ച് അനാവശ്യമായി പരാമര്‍ശിക്കുന്നതു കൊണ്ട് രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധത്തെയാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും ബാലസിംഗം ആരോപിച്ചു.
”നെടുമ്പള്ളി ഡാം എന്നാണ് സിനിമയില്‍ പറയുന്നത്. അണക്കെട്ടിന് അപകടമുണ്ടായാല്‍ കേരളം വെള്ളത്തിനടിയിലാകുമെന്നും പറയുന്നു. തടയണകള്‍ ഉപയോഗശൂന്യമാണെന്നും അണക്കെട്ടിന്റെ ആവശ്യമില്ലെന്നുമുള്ള സംഭാഷണങ്ങള്‍ സിനിമയിലുണ്ട്. ഇവയൊക്കെ മ്യൂട്ട് ചെയ്യണം” എന്നാണ് ബാലസിംഗത്തിന്റെ ആവശ്യം.







