'ഗോ ബാക്ക് മോദി' ഹാഷ്ടാഗ്, നടി ഓവിയക്ക് എതിരെ കേസ്

ഗോ ബാക്ക് മോദി ഹാഷ്ടാഗ് പങ്കുവെച്ച് പ്രതിഷേധം അറിയിച്ച നടി ഓവിയക്കെതിരെ കേസ്. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം തമിഴ്‌നാട് സന്ദര്‍ശിക്കുന്നതിന് മുമ്പേ ഗോ ബാക്ക് മോദി എന്ന ഹാഷ്ടാഗുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പ്രതിഷേധം അറിയിച്ച ഓവിയക്കെതിരെ ബിജെപി തമിഴ്‌നാട് വിഭാഗം നല്‍കിയ പരാതിയിലാണ് നടപടി.

ചെന്നൈ എക്‌മോര്‍ പൊലീസ് ആണ് 69A IT Act, 124A, 153A എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്. ഓവിയ മാപ്പ് പറയണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. ബിജെപി തമിഴ്‌നാട് വിഭാഗത്തിന്റെ സെക്രട്ടറി ഡി. അലക്‌സി സുധാകര്‍ ആണ് പരാതി നല്‍കിയത്.

ഞായറാഴ്ച ഓവിയ ചെയ്ത ട്വീറ്റ് 19.9 ആയിരത്തോളം പേര്‍ റീട്വീറ്റ് ചെയ്യുകും 58.7 ആയിരത്തോളം ലൈക്കുകള്‍ ലഭിക്കുകയും ചെയ്തിരുന്നു. കര്‍ഷക സമരം, ഇന്ധന വില വര്‍ദ്ധന, ഹത്രാസ് സംഭവം തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി മോദിക്കെതിരെ ഗോ ബാക്ക് മോദി, ഗോ ബാക്ക് ഫാസിസ്റ്റ് മോദി എന്നീ ഹാഷ്ടാഗുകളാണ് ട്വിറ്ററില്‍ പ്രചരിച്ചത്.

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയായ താരമാണ് ഓവിയ. മലയാളം സിനിമ കങ്കാരുവിലൂടെയാണ് ഓവിയ അഭിനയരംഗത്തേക്ക് എത്തിയത്. ബ്ലാക്ക് കോഫി, സംഭവം തുടങ്ങിയവയാണ് താരത്തിന്റെതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.