മുഖ്യമന്ത്രി ഇത്രയ്ക്ക് ചീപ്പായിരുന്നോ..?, പാര്‍ട്ടി അടിമകള്‍ക്ക് മാത്രമാണോ കലാകാരന്‍ എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്?: ടി സിദ്ദിഖ്

ഐഎഫ്എഫ്കെ കൊച്ചിയിലെ ഉദ്ഘാടന ചടങ്ങില്‍ നിന്നും നടന്‍ സലീം കുമാറിനെ ഒഴിവാക്കിയതിനെതിരെ കെപിസിസി ഉപാദ്ധ്യക്ഷന്‍ ടി സിദ്ദിഖ്. മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഇത്രയ്ക്ക് ചീപ്പായിരുന്നോ..? എന്ന ചോദ്യത്തോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. ത്രിവര്‍ണ നിറത്തിലുള്ള ഷാള്‍ അണിഞ്ഞ് നില്‍ക്കുന്ന താരത്തിന്റെ ചിത്രം പങ്കുവച്ച് രാഷ്ട്രീയ കാരണങ്ങളാലാണ് സലീം കുമാറിനെ ഒഴിവാക്കിയത് എന്നും സിദ്ദിഖ് പറയുന്നു.

ടി സിദ്ദിഖിന്റെ കുറിപ്പ്:

മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഇത്രയ്ക്ക് ചീപ്പായിരുന്നോ..? ഐ.എഫ്.എഫ്.കെയുടെ കൊച്ചി എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ നിന്ന് നടന്‍ സലിം കുമാറിനെ രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കി. ദേശീയ അവാര്‍ഡ് ജേതാക്കളായിരുന്നു മേളക്ക് തിരി തെളിയിക്കേണ്ടിയിരുന്നത്. പകരം സംവിധായകരായ ആഷിഖ് അബുവും അമല്‍ നീരദും ചേര്‍ന്നാണ് മേളക്ക് തിരി തെളിയിക്കുന്നത്.

അതായത് പാര്‍ട്ടി അടിമകള്‍ക്ക് മാത്രമാണു കലാകാരന്മാര്‍ എന്ന സര്‍ട്ടിഫിക്കറ്റ് എകെജി സെന്ററില്‍ നിന്ന് നല്‍കുന്നത് എന്ന്. സംവിധായകന്‍ കമല്‍ പറഞ്ഞതാണല്ലോ മാനദണ്ഡം അല്ലേ.? ദേശീയ അവാര്‍ഡ് ജേതാവായ അനുഗ്രഹീത കലാകാരന്‍, അഭിനയ പ്രതിഭ സലിം കുമാറിനെ അപമാനിച്ചതിനു കലാകേരളം പൊറുക്കില്ല. ഇനി മുതല്‍ സലിം കുമാര്‍ ചിരിപ്പിക്കുമ്പോള്‍ സഖാക്കള്‍ കരയും, സലിം കുമാര്‍ കരയിപ്പിക്കുമ്പോള്‍ സഖാക്കള്‍ ചിരിക്കും, അങ്ങനെ അദ്ദേഹത്തിനെതിരെ പ്രതിഷേധിക്കുമായിരിക്കും.

നാളെ നടക്കാനിരിക്കുന്ന ഐഎഫ്എഫ്‌കെ കൊച്ചിയിലെ ഉദ്ഘാടന ചടങ്ങില്‍ നിന്നും തന്നെ ഒഴിവാക്കിയത് രാഷ്ട്രീയപ്രേരിതമായ കാരണങ്ങള്‍ കൊണ്ടാണെന്നും വിളിച്ച് അന്വേഷിച്ചപ്പോള്‍ പ്രായക്കൂടതല്‍ കൊണ്ടാണ് എന്ന മറുപടിയാണ് ലഭിച്ചത് എന്നുമാണ് സലീം കുമാര്‍ പ്രതികരിച്ചത്.

എന്നാല്‍ ചടങ്ങില്‍ നിന്നും സലീം കുമാറിനെ ഒഴിവാക്കിയിട്ടില്ല എന്നാണ് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. സലീം കുമാറിനെ ഒഴിവാക്കിയതില്‍ രാഷ്ട്രീയമില്ല. താരത്തിന് ബുദ്ധിമുട്ടു ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് കമല്‍ പറഞ്ഞത്.