മാതൃകയായി സൂര്യയും കാര്‍ത്തിയും; സിനിമയിലെ ദിവസ വേതനക്കാര്‍ക്കായ് 10 ലക്ഷം രൂപ നല്‍കി

കൊറോണ മൂലം ഷൂട്ടിംഗുകള്‍ നിര്‍ത്തിവെച്ച സാഹചര്യത്തില്‍ പ്രതിസന്ധിയിലായ സിനിമയിലെ ദിവസ വേതനക്കാര്‍ക്ക് സഹായവുമായി നടന്മാരായ സൂര്യയും കാര്‍ത്തിയും. ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്സി)യ്ക്ക് 10 ലക്ഷം രൂപ ശിവകുമാറും മക്കളായ സൂര്യയും കാര്‍ത്തിയും കൈമാറി.

തമിഴില്‍ വലിയ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന നിരവധി സിനിമകളുടെ ചിത്രീകരണമാണ് താല്‍ക്കാലികമായി മുടങ്ങി കിടക്കുന്നത്. ശങ്കര്‍ ചിത്രം ഇന്ത്യന്‍ 2, വിക്രത്തിന്റെ കോബ്ര, അജിത്തിന്റെ വാലിമൈ എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടവ. ഉപജീവനമാര്‍ഗം ഇല്ലാതായ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ആളുകളെ സഹായിക്കാന്‍ താരങ്ങള്‍ മുന്നോട്ട് വരണമെന്ന് അഭ്യര്‍ഥിച്ച് ഫെഫ്സി രംഗത്ത് വന്നിരുന്നു.

അതേസമയം, തെലുങ്ക് താരം നിതിന്‍ ആന്ധ്ര പ്രദേശ് – തെലങ്കാന സര്‍ക്കാരുകളുടെ ദുരിതാശ്വാസനിധിയിലേക്ക് പത്ത് ലക്ഷം രൂപ വീതം സംഭാവന വാഗ്ദാനം ചെയ്തിട്ടുണ്ട്.