സുരേഷ് ഗോപി- നിഥിന്‍ രഞ്ജി പണിക്കര്‍ ചിത്രം 'കാവല്‍'; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

സുരേഷ് ഗോപിയെ നായകനാക്കി നിഥിന്‍ രഞ്ജിപണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. കാവല്‍ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. “സത്യം തെളിയുന്നതുവരെ, കുടുംബത്തിനും, നിങ്ങള്‍ക്കും കാവലായി ഞാനും, എനിക്ക് കാവലായി ദൈവവും ഉണ്ട്.” എന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രം ഒരു ആക്ഷന്‍ ഫാമിലി ഡ്രാമ ആയിട്ടാണ് ഒരുങ്ങുന്നത്. ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ ലാലും എത്തുന്നുണ്ട്. സയാ ഡേവിഡ്, ഐ എം വിജയന്‍, അലന്‍സിയാര്‍, പത്മരാജ് രതീഷ്, സുജിത് ശങ്കര്‍, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹന്‍ ജോസ്,കണ്ണന്‍ രാജന്‍ പി ദേവ്,മുരുകന്‍,മുത്തുമണി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം നിഖില്‍ എസ് പ്രവീണ്‍. സംഗീതം രഞ്ജിന്‍ രാജ്. അനൂപ് സത്യന്‍ ചിത്രത്തിനു ശേഷം സുരേഷ് ഗോപി കാവലില്‍ ജോയിന്‍ ചെയ്യും.