ഐഎഫ്എഫ്‌കെയില്‍ സുരഭിക്ക് അവഗണന, ദേശീയ പുരസ്‌ക്കാര ജേതാവിനെ ക്ഷണിച്ചിട്ടുപോലുമില്ല

തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ നടി സുരഭി ലക്ഷ്മിക്ക് അവഗണ. മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാര ജേതാവായ സുരഭിയെ ഐഎഫ്എഫ്‌കെയിലേക്ക് സംഘാടകര്‍ ക്ഷണിച്ചിട്ടുപോലുമില്ല. അവരുടെ ചിത്രമായ മിന്നാമിനുങ്ങിനെയും മേളയില്‍ അവഗണിച്ചു.

തനിക്ക് താരമൂല്യമില്ലാത്തതിനാലാണ് ഐഎഫ്എഫ്‌കെ വേദിയില്‍നിന്ന് തന്നെ ഒഴിവാക്കിയതെന്നും മറ്റൊരാള്‍ക്കും ഇങ്ങനെ ഒരു ഗതിയുണ്ടാകരുതെന്നും സുരഭി പറഞ്ഞു. മേളയില്‍ മിന്നാമിനുങ്ങ് ഒഴിവാക്കിയതില്‍ കടുത്ത നിരാശയുണ്ടെന്നും സനല്‍കുമാര്‍ ശശിധരന്‍ നേതൃത്വം കൊടുക്കുന്ന കാഴ്ച്ചാ ഇന്‍ഡി ഫിലിം ഫെസ്റ്റിവലില്‍ മിന്നാമിനുങ്ങ് പ്രദര്‍ശിപ്പിക്കുമെന്നും സുരഭി പറഞ്ഞു.

ഐഎഫ്എഫ്‌കെയില്‍ കാലാകാലങ്ങളായി ഉയര്‍ന്നു കേള്‍ക്കുന്ന ആക്ഷേപമാണ് പാരലല്‍ സിനിമകള്‍ക്ക് വേണ്ട പ്രാധാന്യം സംഘാടകര്‍ നല്‍കുന്നില്ലാ എന്നത്. ചലച്ചിത്ര മേളകളുടെ സ്‌പേസ് പോലും പോപ്പുലര്‍ സിനിമകള്‍ കവര്‍ന്ന് എടുക്കുമ്പോള്‍ ഫെസ്റ്റിവലുകളെ ലക്ഷ്യംവെച്ച് എടുക്കുന്ന ചിത്രങ്ങള്‍ക്ക് ഇടം ലഭിക്കാതെ പോകും.