'വേഗം പോയി പല്ലുതേച്ചിട്ട് വാ അല്ലെങ്കില്‍ ഇന്ത്യ ഭരിക്കാന്‍ പറ്റില്ല'; ദിലീപ് ചിത്രം ശുഭരാത്രിയുടെ ആദ്യടീസര്‍

ദിലീപ് അനുസിത്താര ചിത്രം ശുഭരാത്രിയുടെ ആദ്യ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒരു ഫീല്‍ ഗുഡ് കുടുംബചിത്രമാണിതെന്ന് ഉറപ്പുനല്‍കുന്നതാണ് ടീസര്‍.
അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ വ്യാസന്‍ കെപിയാണ് സംവിധാനം ചെയ്യുന്നത്. ഇത്തവണയും പുതുമയുളള ഒരു പ്രമേയം പറയുന്ന സിനിമയുമായിട്ടെത്തുന്ന ദിലീപ് ചിത്രത്തിന് 200 ശതമാനം ഗ്യാരണ്ടിയാണ് നല്‍കുന്നത്. 100 ശതമാനം ഫാമിലി ചിത്രവും, 200 ശതമാനം ഫീല്‍ ഗുഡ് ചിത്രവുമെന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് ദിലീപ് കുറിച്ചിരുന്നു.

നെടുമുടി വേണു, സായി കുമാര്‍, ഇന്ദ്രന്‍സ്, നാദിര്‍ഷ, അജു വര്‍ഗീസ്, ഹരീഷ് പേരാടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധീപ് കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു എബ്രാഹം, കെപിഎസി ലളിത, തെസ്നി ഖാന്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തില്‍ ദിലീപിന്റെ ഭാര്യയുടെ വേഷത്തിലാണ് അനു സിത്താര എത്തുന്നത്.

വ്യാസന്‍ എടവനക്കാടാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സംഗീതം ബിജിബാല്‍. നിര്‍മ്മാണം അരോമ മോഹന്‍. വിതരണം അബാം മൂവീസ്. ആല്‍ബിയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.