കഥയാണ് കാര്യം;പുതിയ പ്രൊഡക്ഷൻ കമ്പനിയുമായി ശ്രീകുമാർ മേനോനും അഞ്ജന ഫിലിപ്പും

ഒടിയൻ സിനിമയുടെ സംവിധായകനായ ശ്രീകുമാർ മേനോനും മിന്നൽ മുരളി, ആർഡിഎക്സ് എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകളുടെ സഹനിർമ്മാതാവായ അഞ്ജന ഫിലിപ്പും ചേർന്ന് പുതിയ പ്രൊഡക്ഷൻ ഹൌസ് ആരംഭിക്കുന്നു. നിർമ്മാണ കമ്പനിയുടെ ലോഗോ മോഹൻലാലാണ് പ്രകാശനം ചെയ്തത്.

അഞ്ജന ഫിലിപ്പിന്റെ നേതൃത്വത്തിലുളള അഞ്ജന ടാക്കീസും ശ്രീകുമാർ മേനോന്റെ വാർസ്  സ്റ്റുഡിയോസും ഇതോടുകൂടി ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. ജനുവരിയിൽ ആദ്യ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

സാഹിത്യത്തിൽ നിന്നുള്ള അഡാപ്റ്റേഷനുകളും നടന്ന സംഭവങ്ങളും ആസ്പദമാക്കിയാണ് ആദ്യ ഘട്ടത്തിൽ സിനിമകൾ ചെയ്യുന്നതെന്ന് അഞ്ജന ഫിലിപ് മാധ്യമങ്ങളോട് പറഞ്ഞു. എസ്. ഹരീഷ്, സി.പി സുരേന്ദ്രൻ, ലാസർ ഷൈൻ, വിനോയി തോമസ്, വി. ഷിനിലാൽ, അബിൻ ജോസഫ് തുടങ്ങീ ചെറുകഥാകൃത്തുക്കളുടെ രചനയിലാണ് ആദ്യ സിനിമകൾ പ്ലാൻ ചെയ്യുന്നതെന്നും അഞ്ജന ഫിലിപ് വ്യക്തമാക്കി.

ഭാഷയുടെ അതിരുകൾ ഒരിക്കലും സിനിമയ്ക്ക് ബാധകമല്ലെന്നും, നല്ല സിനിമകൾ ലോകമാകെ വിപണി ലഭിക്കുന്ന കാലത്തിലൂടെയാണ് നമ്മൾ കടന്നുപോവുന്നതെന്നും വി. എ ശ്രീകുമാർ മേനോൻ പറഞ്ഞു. ലോകം മുഴുവനും നമ്മുടെ സിനിമകൾക്കും എത്താൻ ആവും സിനിമയുടെ ജയം നിർണ്ണയിക്കുന്നത് അതിന്റെ ഉള്ളടക്കമാണെന്നും ശ്രീകുമാർ മേനോൻ കൂട്ടിച്ചേർത്തു.

Read more

എസ് ഹരീഷിന്റെ ചെറുകഥയെ ആസ്പദമാക്കിയാണ് ആദ്യ സിനിമ വരുന്നത്. പ്രശസ്ത പരസ്യ സംവിധായകൻ പ്രേം ശങ്കർ ആണ് സംവിധായകൻ. ബ്രിട്ടാനിയ, ഐടിസി, ടിവിസ, ലിവൈസ്, റാംഗ്ലർ തുടങ്ങീ അനേകം പരസ്യ ചിത്രങ്ങളുടെ സംവിധായകൻ കൂടിയാണ് പ്രേം ശങ്കർ.