'എനിക്ക് ഏറ്റവും ദേഷ്യവും അസൂയയുമുളള ഐറ്റമാണ് സൗബിന്‍'; അമ്പിളിയുടെ വേദിയില്‍ കുഞ്ചാക്കോ ബോബന്‍

ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന അമ്പിളിയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു. കൊച്ചിയില്‍ വച്ചു നടന്ന ചടങ്ങില്‍ കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, നവീന്‍ നസീം, ദിലീഷ് പോത്തന്‍, നസ്രിയ നസീം, തന്‍വി റാം, ഗ്രേസ് ആന്റണി, സംവിധായകന്‍ ജോണ്‍ പോള്‍ ജോര്‍ജ് തുടങ്ങിയവരും ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകരും പങ്കെടുത്തു. തനിക്ക് അസൂയതോന്നിയിട്ടുള്ള നടനാണ് സൗബിനെന്ന് കുഞ്ചാക്കോ ചടങ്ങില്‍ കുഞ്ചാക്കോ പറഞ്ഞു.

“എനിക്ക് ഏറ്റവും ദേഷ്യവും അസൂയയുമുളള ഐറ്റമാണ് സൗബിന്‍. കഴിഞ്ഞ 22 വര്‍ഷമായി ഞാന്‍ സിനിമയില്‍ വന്നിട്ട്. ഇദ്ദേഹം എത്തിയിട്ട് രണ്ട് വര്‍ഷമായി. സിനിമയില്‍ പൊളിപൊളിക്കുകയാണ്. ഓഡിയോ ലോഞ്ചിന് ഞാന്‍ എത്തിയത് തന്നെ സൗബിന്റെ മൈക്കിള്‍ ജാക്‌സണ്‍ ഡാന്‍സ് കാണാനാണ്.” കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ചിത്രത്തിലെ ഞാന്‍ ജാക്സണല്ലടാ എന്ന ഗാനം ഹിറ്റായിരുന്നു. ഇതിലെ സൗബിന്റെ ഡാന്‍സിനും ഏറെ ജനപ്രീതിയാണ്. ഗപ്പിയ്ക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനവും തിരക്കഥയും ഒരുക്കുന്ന ചിത്രമാണിത്. പുതുമുഖമായ തന്‍വി റാം ആണ് നായിക. നസ്രിയയുടെ സഹോദരനും സിനിമയില്‍ പ്രധാനവേഷത്തിലുണ്ട്. ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.