വിമാനത്തില്‍ കയറാത്ത നൂറ് കുട്ടികള്‍ക്ക് സൗജന്യ ആകാശയാത്ര; സുരറൈ പോട്രെയുടെ വെറൈറ്റി ഓഡിയോ ലോഞ്ച്

സൂര്യ നായകനാകുന്ന സുരറൈ പോട്ര് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്ന് ആകാശത്ത് വെച്ച് നടക്കും. സ്‌പൈസ് ജെറ്റുമായി സഹകരിച്ചു കൊണ്ടാണ് ചിത്രത്തിന്റെ ഓഡിയോ റിലീസ്. കുട്ടികളായിരിക്കും ലോഞ്ചിലെ അതിഥികള്‍ എന്നതാണ് ശ്രദ്ധേയം. വിമാനത്തില്‍ ഇതുവരെ കയറാത്ത 100 കുട്ടികളാണ് ചടങ്ങിന് സാക്ഷികളാകാന്‍ എത്തുന്നത്. തമിഴ്നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഉപന്യാസ മത്സരം നടത്തിയിരുന്നു. അതിലെ വിജയികള്‍ക്കാണ് വിമാനയാത്രയ്ക്ക് അവസരം ലഭിക്കുന്നത്.

സൂര്യയുടെ 38-ാം ചിത്രമാണിത്. അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായിക. എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവിതകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മോഹന്‍ റാവു, പരേഷ് റാവല്‍, ജാക്കി ഷ്രോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

സൂര്യയുടെ തന്നെ പ്രൊഡക്ഷന്‍ ബാനറായ 2ഡി എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. നികേത് ബൊമി റെഡ്ഡി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈന്‍ ജാക്കിയും എഡിറ്റിങ്ങ് സതീഷ് സൂര്യയുമാണ് നിര്‍വ്വഹിക്കുന്നത്.