'അസാധാരണ സ്വപ്‌നവുമായി ഒരു സാധാരണക്കാരന്‍'; സൂരറൈ പോട്രു ട്രെയലറിനെ അഭിനന്ദിച്ച് റാണ ദഗുബതിയും താരങ്ങളും

സൂര്യയെ നായകനാക്കി സുധ കൊങ്കര ഒരുക്കുന്ന “സൂരറൈ പോട്രു” ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. റിട്ടയേര്‍ഡ് ആര്‍മി ക്യാപ്റ്റനും എയര്‍ ഡെക്കാന്‍ സ്ഥാപകനായ ജി. ആര്‍ ഗോപിനാഥിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ട്രെയ്‌ലര്‍ പുറത്തിറങ്ങി അഞ്ചു മണിക്കൂറിനുള്ളില്‍ തന്നെ 36 ലക്ഷത്തിലധികം വ്യൂസ് ആണ് ട്രെയ്‌ലറിന് ലഭിച്ചിരിക്കുന്നത്. അഭിഷേക് ബച്ചന്‍, റാണ ദഗുബതി, രാധിക ശരത് കുമാര്‍, ഐശ്വര്യ രാജേഷ്, വിഗ്നേശ് ശിവന്‍, വരലക്ഷ്മി ശരത് കുമാര്‍ എന്നിങ്ങനെ സിനിമാരംഗത്തുള്ള പലരും ട്രെയ്‌ലറിനെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ആമസോണ്‍ പ്രൈമില്‍ നവംബര്‍ 12-ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. അപര്‍ണ ബാലമുരളി നായികയാവുന്ന ചിത്രത്തില്‍ ഉര്‍വ്വശി, മോഹന്‍ റാവു, പരേഷ് റാവല്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സൂര്യയുടെ മുപ്പത്തിയെട്ടാമത് ചിത്രമാണ് സൂരറൈ പോട്രു.

സൂര്യയുടെ ഉടമസ്ഥതയിലുള്ള 2 ഡി എന്റര്‍ടൈന്‍മെന്റ്‌സും രാജ്‌സേക്കര്‍ കര്‍പുരസുന്ദരപാണ്ഡിയന്‍, ഗുനീത് മോംഗ, ആലിഫ് സുര്‍ട്ടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.