ഓസ്‌കറില്‍ ആദ്യഘട്ടം കടന്ന് യോഗ്യത നേടി 'സൂരറൈ പോട്ര്'

ഓസ്‌കറില്‍ മത്സരിക്കാന്‍ ആദ്യഘട്ടം കടന്ന് സൂര്യ ചിത്രം “സൂരറൈ പോട്ര്”. സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം മികച്ച നടന്‍, മികച്ച നടി, മികച്ച സംവിധായകന്‍, മികച്ച ഒര്‍ജിനല്‍ സ്‌കോര്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് മത്സരിക്കുന്നത്. 93-ാമത് ഓസ്‌കര്‍ പുരസ്‌കാരത്തിന് മത്സരിക്കാന്‍ യോഗ്യത നേടിയിരിക്കുകയാണ് ചിത്രം ഇപ്പോള്‍.

പ്രാഥമികഘട്ടത്തില്‍ തിരഞ്ഞെടുത്ത 366 ചിത്രങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് സൂരറൈ പോട്ര്. ജനറല്‍ കാറ്റഗറിയിലാണ് ചിത്രം മത്സരിക്കുന്നത്. ചുരുങ്ങിയ ചെലവില്‍ സാധാരണക്കാര്‍ക്കു കൂടി യാത്ര ചെയ്യാന്‍ കഴിയുന്ന വിമാന സര്‍വീസ് ഒരുക്കിയ എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു സൂരറൈ പോട്ര്.

ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തത്. കോവിഡ് പശ്ചാത്തലത്തില്‍ മത്സര ചിത്രങ്ങള്‍ക്കുള്ള നിയമത്തില്‍ ഇളവ് വരുത്തിയതോടെ ഡയറക്ട് ഒ.ടി.ടി റിലീസ് ചിത്രങ്ങള്‍ക്കും മത്സരിക്കാനുള്ള അവസരം ഇത്തവണ അക്കാദമി അനുവദിച്ചു. ഇതോടെയാണ് സൂരറൈ പോട്ര് മത്സരത്തിനെത്തിയത്.

കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ആയാണ് ജൂറി അംഗങ്ങള്‍ സിനിമ കണ്ടത്. മാര്‍ച്ച് 5 മുതല്‍ 10 വരെ നടക്കുന്ന വോട്ടിംഗിനു ശേഷം 15ന് ഈ വര്‍ഷത്തെ നോമിനേഷനുകള്‍ പ്രഖ്യാപിക്കും. കഴിഞ്ഞ തവണ 344 ചിത്രങ്ങളായിരുന്നു മത്സരിക്കാന്‍ യോഗ്യത നേടിയത്.