അത്രയും രൂപ ചെലവാകുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ആ ഭക്ഷണം വേണ്ടെന്ന് വെയ്ക്കുമായിരുന്നു; കഴിച്ചത് തിരിച്ചെടുക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ പണം തരാമെന്ന് സോഹന്‍ റോയ്

രണ്ടാം ലോക കേരളസഭാ സമ്മേളനത്തിലെ ധൂര്‍ത്തിന്റെ കണക്കുകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ താന്‍ കഴിച്ച ഭക്ഷണത്തിന് പണം നല്‍കാന്‍ തയ്യാറാണെന്ന് സംവിധായകനും ഏരിസ് ഗ്രൂപ്പ് മേധാവിയുമായ സോഹന്‍ റോയി.

ആയിരക്കണക്കിനു രൂപ ചെലവു വരുന്നതാണ് നല്‍കിയ ഭക്ഷണമെന്നറിഞ്ഞിരുന്നുവെങ്കില്‍ അത് വേണ്ടെന്ന് വെച്ചേനെയെന്നും താന്‍ വരുത്തിയ നഷ്ടം നികത്തുന്നതിനായി രണ്ടായിരത്തി അഞ്ഞൂറ് രൂപ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സോഹന്‍ റോയ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

“ഇത്തവണത്തെ ലോക കേരളസഭയ്ക്കു പ്രത്യേക ക്ഷണിതാവായി എത്തിയപ്പോള്‍ സര്‍ക്കാരിനു സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കണ്ട എന്നു കരുതി മറ്റു അതിഥികള്‍ക്കു നല്‍കിയ ഫൈവ് സ്റ്റാര്‍ താമസ സൗകര്യം പോലും സ്‌നേഹപൂര്‍വ്വം നിരസിച്ചിരുന്നു. ആദ്യദിവസം രാത്രിയില്‍ നിയമസഭാ മന്ദിരത്തിനകത്തു വെച്ചു നടന്ന ഒത്തുചേരല്‍ വളരെ വൈകിയതു കൊണ്ട് അവിടെ തന്ന ഭക്ഷണം കഴിച്ചു. ആരോ സ്‌പോണ്‍സര്‍ ചെയ്ത ഭക്ഷണമെന്നാണു കരുതിയത്. അല്ലെങ്കില്‍ തന്നെ 500 രൂപയ്ക്കു താഴെ അതു നല്‍കാന്‍ കഴിയുന്ന നിരവധി കേറ്ററിംഗ് കമ്പനികള്‍ കേരളത്തിലുണ്ട്. ആയിരക്കണക്കിനു രൂപ ചെലവു വരുമെന്നറിഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും വേണ്ടെന്നു വെയ്ക്കുമായിരുന്നു. കഴിച്ചത് ഇനി തിരിച്ചെടുക്കാന്‍ നിര്‍വ്വാഹമില്ലാത്തതു കൊണ്ട് ജനങ്ങള്‍ക്കു ഞാന്‍ വരുത്തിയ നഷ്ടം നികത്തുന്നതിലേക്കായി 2500 രൂപ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാന്‍ ആഗ്രഹിക്കുന്നു. തിരിച്ചു വാങ്ങാന്‍ വകുപ്പില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനയായി നല്‍കുന്നതായിരിക്കും” – സോഹന്‍ റോയി വ്യക്തമാക്കി.

രണ്ടാം ലോക കേരളസഭയില്‍ പ്രതിനിധികളുടെ ഭക്ഷണത്തിനും താമസത്തിനും മാത്രം 83 ലക്ഷത്തിലധികം രൂപയാണ് ചെലവായതെന്ന കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ജനുവരി ഒന്ന് മുതല്‍ മൂന്ന് വരെ തിരുവനന്തപുരത്തു വെച്ചായിരുന്നു പരിപാടി. ഒരാളുടെ പ്രഭാത ഭക്ഷണത്തിന് വേണ്ടി മുടക്കിയത് 550 രൂപയിലധികമാണ് (550+ നികുതി). ഉച്ചഭക്ഷണത്തിന് 1900+നികുതി, രാത്രി ഭക്ഷണത്തിന് 1700+നികുതി എന്നിങ്ങനെയാണ് കണക്കുകള്‍.