കൃഷ്ണപ്രഭയുടെ കഥാപാത്രത്തെ പിന്നീട് കണ്ടതേയില്ല.. 'ഇലവീഴാപൂഞ്ചിറ'യിലെ സസ്‌പെന്‍സ്; ചർച്ചയാക്കി സോഷ്യല്‍ മീഡിയ

പ്രകൃതിയുടെ മനോഹാരിതയില്‍ ആകാംക്ഷ ഉണര്‍ത്തുന്ന ഒരു സിനിമ. കോട്ടയത്ത് 3200 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ടൂറിസ്റ്റ് പ്ലേസ് ആണ് ഇലവീഴാപൂഞ്ചിറ. പ്രകൃതിയോടു ഏറെ ഇഴുകി ചേര്‍ന്നു നില്‍ക്കുന്ന ഇലവീഴാപൂഞ്ചിറ അതിമനോഹരമായ സ്‌പോട്ട് ആണ്. ഇടിയും മിന്നലും ഉണ്ടായാല്‍ ഈ പ്രദേശത്ത് ഒരു മരണം ഉറപ്പാണ്. അതിനാല്‍ അധികം പേരും സന്ദര്‍ശിക്കാന്‍ ഭയക്കുന്ന ഒരു പ്രദേശമാണിത്. ഇലവീഴാപൂഞ്ചിറയില്‍ ഒളിച്ചിരിക്കുന്ന അപകടങ്ങളെയും വെല്ലുവിളികളെയും ഒക്കെ പറഞ്ഞു കൊണ്ടാണ് ഷാഹി കബീറിന്റെ സംവിധാനത്തില്‍ ‘ഇലവീഴാപൂഞ്ചിറ’ എന്ന സിനിമ എത്തിയത്.

ജോസഫ്, നായാട്ട് എന്നീ സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയ ഷാഹി കബീര്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച ഇലവീഴാപൂഞ്ചിറ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ തെറ്റിച്ചിട്ടില്ല. ജൂലൈ 15ന് ആണ് സിനിമ തിയേറ്ററുകളില്‍ എത്തിയത്. സിനിമ ഇപ്പോള്‍ വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. പൊലീസ് ഉദ്യോഗസ്ഥരായ മധുവിനെയും സുധിയെയുമാണ് സൗബിന്‍ ഷാഹിറും സുധി കോപ്പയും സിനിമയില്‍ അവതരിപ്പിക്കുന്നത്. ഇലവീഴാപൂഞ്ചിറയിലെ വയര്‍ലെസ് പൊലീസ് സ്റ്റേഷനെ ചുറ്റിപറ്റിയാണ് സിനിമ പുരോഗമിക്കുന്നത്.

സിനിമയിലെ ഒരു രംഗം ചൂണ്ടിക്കാട്ടി ആരാധകര്‍ ഉന്നയിച്ച സംശയമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സിനിമയുടെ തുടക്കത്തില്‍ കൃഷ്ണപ്രഭ അവതരിപ്പിച്ച ഗര്‍ഭിണിയായ കഥാപാത്രത്തെ കാണുമ്പോള്‍ സൗബിന്റെ കഥാപാത്രം അസ്വസ്ഥത പ്രകടിപ്പിക്കുകയും പിന്നിലെ സീറ്റിലേക്ക് മാറി ഇരിക്കുന്നുമുണ്ട്. പിന്നീട് കൃഷ്ണപ്രഭയുടെ കഥാപാത്രം ബസില്‍ നിന്നിറങ്ങുന്നതിന് തൊട്ട് മുമ്പ് സൗബിന്റെ കഥാപാത്രത്തെ ശ്രദ്ധിക്കുന്നതും കാണാം. എന്നാല്‍ അതിന് ശേഷം സിനിമയില്‍ എവിടെയും കൃഷ്ണപ്രഭയുടെ കഥാപാത്രത്തെ കാണിക്കുന്നില്ല. ഈ രംഗം എന്തിനാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയത് എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഉയരുന്ന ചോദ്യം.

ആത്മഹത്യ ചെയ്ത ഗര്‍ഭിണിയായ ഭാര്യയെ വെട്ടിനുറുക്കി അവരുടെ മാംസം കവറിലാക്കിയാണ് സൗബിന്റെ കഥാപാത്രം ഇലവീഴാപൂഞ്ചിറയിലേക്ക് ബസ് കയറുന്നത്. തന്റെ ഭാര്യ ഗര്‍ഭിണിയാണെന്ന് ആത്മഹത്യാ കുറിപ്പിലൂടെ സൗബിന്റെ കഥാപാത്രത്തെ അറിയിക്കുന്നുമുണ്ട്. ഒരുപക്ഷെ, ഗര്‍ഭിണിയായ സ്ത്രീയെ തൊട്ടടുത്ത് കാണുമ്പോളുണ്ടാകുന്ന പരിഭ്രമം കൊണ്ടായിരിക്കാം സൗബിന്റെ കഥാപാത്രം സീറ്റ് മാറിയിരിക്കുന്നത് എന്നാണ് നിരൂപകരുടെ വിലയിരുത്തല്‍.

കുറ്റാന്വേഷണ വിഭാഗത്തില്‍ പെടുന്ന സിനിമയില്‍ ആദ്യം മുതല്‍ തന്നെ വരുന്ന ഒരു ത്രില്ലിംഗ് ഫീല്‍ അവസാനം വരെ സിനിമ നിലനിര്‍ത്തുന്നുണ്ട്. ഇലവീഴാപൂഞ്ചിറ വേറിട്ടൊരു പ്രമേയമാണ് എന്നത് സിനിമയുടെ ഒരു ഹൈലൈറ്റ് ആണ്. ഗൗരവമേറിയ ഒരു രംഗത്തില്‍ തുടങ്ങി വേറിട്ട തലങ്ങളിലൂടെ സഞ്ചരിച്ചാണ് കഥ കുറ്റാന്വേഷണത്തിന്റെ ട്രാക്കിലെത്തുന്നത്. സൗബിന്റെ ഗംഭീരപ്രകടനം എടുത്തു പറയേണ്ടത് തന്നെയാണ്.