ബ്ലാസ്റ്റ് മൂഡില്‍ 'ദളപതി കച്ചേരി', രാഷ്ട്രീയം ഡീകോഡ് ചെയ്ത് സോഷ്യല്‍ മീഡിയ; കരൂര്‍ റാലിയും മമിതയുടെ മാലയും ചര്‍ച്ചകളില്‍

പക്കാ ബ്ലാസ്റ്റ് മൂഡില്‍ എത്തിയ ‘ദളപതി കച്ചേരി’ സോങ് ആഘോഷമാക്കി ആരാധകര്‍. സജീവ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയുള്ള വിജയ്‌യുടെ അവസാന ചിത്രമായ ‘ജനനായകനി’ലെ രാഷ്ട്രീയം ഡീകോഡ് ചെയ്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. വിജയ്യുടെ സിനിമാ ജീവിതത്തെയും രാഷ്ട്രീയ ജീവിതത്തെയും ബന്ധപ്പെടുത്തുന്ന ഒട്ടേറെ ഘടകങ്ങള്‍ ഗാനത്തിലുണ്ട് എന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്.

തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ അടുത്തിടെ നടന്ന പരിപാടികളില്‍ എല്ലാം നരച്ച താടിയുള്ള ലുക്കിലാണ് വിജയ് എത്തിയത്. ഇതേ ലുക്കില്‍ തന്നെയാണ് താരം ഗാനത്തിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സംഗീതസംവിധായകന്‍ അനിരുദ്ധും വിജയ്യും അറിവും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വിജയ് ആലപിച്ച ഭാഗം തമിഴ്‌നാടിനെ കുറിച്ചാണ്. കാള്‍ മാക്‌സ്, പെരിയോര്‍, അംബേദ്കര്‍ എന്നിവരുടെ ചിത്രങ്ങളും പാട്ടിലുണ്ട്.

ജാതിഭേദം ഏതുമില്ല എന്ന് വ്യക്തമാക്കുന്ന വരികളും ഗാനത്തിലുണ്ട്. വിജയ് തന്റെ രാഷ്ട്രീയ ചടങ്ങുകളിലെല്ലാം പെരിയോറെയും അംബേദ്കറെ കുറിച്ചും സംസാരിക്കാറുള്ള കാര്യമാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ഈ വരികള്‍. ‘പൂവേ ഉനക്കാക’, ‘ഗില്ലി’, ‘കത്തി’, ‘തുപ്പാക്കി’ തുടങ്ങി വിജയ്‌യുടെ ഹിറ്റ് ചിത്രങ്ങളിലെ ലുക്കുകള്‍ ഗാനത്തില്‍ കാണാം.

‘മാസ്റ്റര്‍’ എന്ന ചിത്രത്തില്‍ വിജയ് അവതരിപ്പിച്ച കഥാപാത്രമായ ജെഡിയുടെ പേരിലുള്ള കോളേജ്, ‘നാന്‍ റെഡി’ എന്ന ഗാനത്തിന്റെ വരി, ‘തുപ്പാക്കി’, ‘ബിഗില്‍’ എന്നീ ചിത്രങ്ങളുടെ പോസ്റ്റര്‍, ‘നന്‍പന്‍’ സിനിമയിലെ ‘ഓള്‍ ഈസ് വെല്‍’ എന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്ന ബോര്‍ഡുകള്‍ എന്നിവയെല്ലാം ഗാനത്തില്‍ കാണാം.

നന്ദമൂരി ബാലകൃഷ്ണയുടെ ‘ഭഗവന്ത് കേസരി’യുടെ റീമേക്ക് ആണ് ജനനായകന്‍ എന്ന അഭ്യൂഹങ്ങള്‍ നേരത്തെ എത്തിയിരുന്നു. ഇതിന് ഒരു തെളിവും പ്രേക്ഷകര്‍ കണ്ടെത്തിയിട്ടുണ്ട്. പൂജ ഹെഗ്‌ഡേയും മമിതാ ബൈജുവുമാണ് ഗാനത്തില്‍ വിജയ്‌ക്കൊപ്പമുള്ളത്. ഗാനത്തില്‍ മമിത അണിഞ്ഞ മാല, ഭഗവന്ത് കേസരിയില്‍ ശ്രീലീല അണിഞ്ഞതാണ്. അതിനാല്‍ ഈ രണ്ട് കഥാപാത്രങ്ങളും ഒന്നാകാനാണ് സാധ്യത എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.

പാട്ടിന് നേരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. പാട്ടിന്റെ വരികള്‍ക്കിടയില്‍ ഇടയ്ക്കിടെ ദളപതി എന്ന വാക്ക് കയറി വരുന്നുണ്ട്. ഇതാണ് പ്രേക്ഷകരെ ഒന്നടങ്കം ചൊടിപ്പിച്ചിരിക്കുന്നത്. ‘ഇത്തരം വാക്കുകള്‍ കേട്ട് മടുത്തു’, ‘സൂപ്പര്‍ സ്റ്റാര്‍, ദളപതി എന്നൊക്കെയുള്ള വാക്കുകള്‍ ഒഴിവാക്കാന്‍ അനിരുദ്ധിനോട് പറയൂ’, ‘ഇതൊക്കെ ഇനിയെങ്കിലും നിര്‍ത്തിക്കൂടെ’ എന്ന കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.