മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും ബാന്‍ ചെയ്യുമെന്ന് പറയുന്നത് ശരിയല്ല, മരക്കാര്‍ ഒ.ടി.ടി റിലീസിനെ സ്വാഗതം ചെയ്യുന്നു: സിയാദ് കോക്കര്‍

മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും ബാന്‍ ചെയ്യുമെന്ന് പറയുന്നത് ശരിയല്ലെന്ന് കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സിയാദ് കോക്കര്‍. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഒ.ടി.ടി റിലീസിന് നല്‍കിയ തീരുമാനത്തെ പിന്തുണച്ചു കൊണ്ടാണ് സിയാദ് കോക്കര്‍ എത്തിയിരിക്കുന്നത്.

ഒരു സിനിമ എങ്ങനെ റിലീസ് ചെയ്യണം എന്നത് നിര്‍മ്മാതാവിന്റെ തീരുമാനമാണ്. അഡ്വാന്‍സ് കൊടുത്തു എന്ന് പറയുന്നത് തിയേറ്റര്‍ ഉടമകള്‍ക്ക് നിര്‍മ്മാതാവിനെതിരെ സ്വരമുയര്‍ത്താന്‍ ഒരു കാരണമല്ല. നല്ല വരുമാനം ലഭിക്കുമെന്ന് ഉറപ്പുള്ള സിനിമകള്‍ക്ക് അഡ്വാന്‍സ് നല്‍കുന്നത് പണ്ട് മുതല്‍ക്കേയുള്ള പ്രവണതയാണ്.

ആന്റണി പെരുമ്പാവൂര്‍ തിയേറ്റര്‍ സംഘടനയുടെ അംഗമായിരുന്നു. കോവിഡ് തുടങ്ങിയ സമയത്ത് അദ്ദേഹം സിനിമ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാണ് എന്ന് അറിയിച്ചിരുന്നു. ഒരു 200 തിയേറ്റര്‍ മൂന്ന് ആഴ്ചത്തേക്ക് തനിക്ക് കിട്ടണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അത് ഫിയോക്ക് അംഗീകരിക്കുകയും തിയേറ്റര്‍ ഉടമകള്‍ക്ക് എഗ്രിമെന്റ് അയക്കുകയും ചെയ്തിരുന്നു.

എന്നാല്‍ 86 തിയേറ്ററുകളില്‍ നിന്നും മാത്രമാണ് മറുപടി വന്നത്. ഇത്രയേറെ റിസ്‌ക് എടുത്ത് മരക്കാര്‍ റിലീസ് ചെയ്യുമ്പോള്‍ 86 തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചാല്‍ മതിയോ. വൈകാരികമായി വായില്‍ തോന്നുന്നത് വിളിച്ചു പറയുന്നതില്‍ അര്‍ത്ഥമില്ല. ഒ.ടി.ടി റിലീസ് ചെയ്യുക എന്നത് നിര്‍മ്മാതാവിന്റെ തീരുമാനം ആണെങ്കില്‍ അതിനെ സ്വാഗതം ചെയ്യും.

Read more

ഇപ്പോള്‍ 50 ശതമാനം മാത്രമാണ് പ്രേക്ഷകര്‍. ഈ അവസ്ഥയില്‍ എല്ലാ നഷ്ടവും സഹിച്ച് പടം റിലീസ് ചെയ്യട്ടെ എന്ന് തീരുമാനിക്കുന്നത് ആണോ മര്യാദ? തമിഴ് സിനിമകള്‍ക്ക് അഡ്വാന്‍സ് കൊടുക്കാറില്ലേ? ഈ കാരണത്താല്‍ മോഹന്‍ലാലിനെയും പൃഥ്വിരാജിനേയും നേരെ വിലക്ക് ഏര്‍പ്പെടുത്തും എന്ന് പറയുന്നത് ഒന്നും ശരിയായ നടപടിയല്ലെന്നും സിയാദ് കോക്കര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.