കനിക കപൂറിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം മറ്റൊരു ഗായികയുടേത്; തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കി സുനിത

ബോളിവുഡ് ഗായിക കനിക കപൂറിന് പകരം പ്രചരിക്കുന്നത് തന്റെ ചിത്രങ്ങളെന്ന് ഗായിക സുനിത ഉപ്രദ്രസ്ത. കനിക കപൂറിന്റേത് എന്ന പേരില്‍ തന്റെ ബ്ലര്‍ ചെയ്ത ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിച്ചതായാണ് സുനിത പറയുന്നത്. തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസില്‍ താരം പരാതിയും നല്‍കി.

മന്ത്രി കെ.ടി. രാമ റാവോവിനോടും സുനിത സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. “”ഇത്തരം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തുക. ഒരു സെലിബ്രിറ്റിയെ ഇരയാക്കുന്ന ഈ സാഹചര്യത്തില്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരായിരുന്നെങ്കിലോ എന്ന കാര്യം ആലോചിക്കുക”” എന്ന് സുനിത പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കനികക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. വിദേശത്തുനിന്നും വന്ന കനിക സമ്പര്‍ക്ക വിലക്ക് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കേസെടുത്തിട്ടുണ്ട്.