പറയപ്പെടാതെ പോയ കഥകൾ വീണ്ടും; വെള്ളിത്തിരയിൽ സിൽക്കായി വിസ്മയിപ്പിക്കാൻ ഇന്തോ- ഓസ്ട്രേലിയൻ നടി

തെന്നിന്ത്യൻ സിനിമ താരം സിൽക്ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാവുന്നു. ‘സിൽക്ക് സ്മിത, ദി അൺടോൾഡ് സ്റ്റോറീസ്’ എന്ന് പേരിറ്റീരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജയറാം ശങ്കറാണ്. വിദ്യ ബാലനെ നായികയാക്കി മിലൻ ലുത്രിയ സംവിധാനം ചെയ്ത ‘ഡേർട്ടി പിക്ചർ’ എന്ന ബോളിവുഡ് ചിത്രത്തിന് ശേഷം സിൽക്ക് സ്മിതയുടെ ജീവിതം പ്രമേയമാവുന്ന അടുത്ത ചിത്രമാണ് സിൽക്ക് സ്മിത, ദി അൺടോൾഡ് സ്റ്റോറീസ്.

ചിത്രത്തിൽ സിൽക്ക് സ്മിതയായി വേഷമിടുന്നത് ഇന്തോ- ഓസ്ട്രേലിയൻ നടിയും മോഡലുമായ ചന്ദ്രിക രവിയാണ്. സിൽക്ക് സ്മിതയുടെ അറുപത്തിമൂന്നാം ജന്മവാർഷികമായ ഇന്നലെ എക്സിലൂടെ ചന്ദ്രിക രവി തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. 2018-ൽ പുറത്തിറങ്ങിയ ‘ഇരുട്ടു അരയിൽ മുരട്ടു കുത്ത്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ചന്ദ്രിക രവി സിനിമയിൽ അരങ്ങേറുന്നത്.

തമിഴ് തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. വിജയലക്ഷ്മി എന്ന പേരിലൂടെ മേക്കപ്പ് ആർട്ടിസ്റ്റായാണ് സിൽക്ക് സ്മിത സിനിമലോകത്തേക്ക് കടക്കുന്നത്. ‘വണ്ടിച്ചക്രം’ എന്ന സിനിമയിലെ സിൽക്ക് എന്ന കഥാപാത്രത്തിൽ നിന്നാണ് സിൽക്ക് സ്മിത എന്ന പേരിലേക്ക് മാറുന്നത്.

ഗ്ലാമറസ് വേഷങ്ങളിൽ മാത്രം ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ട് അകാലത്തിൽ മൺമറഞ്ഞുപോയ താരത്തിന്റെ ജീവിതം വീണ്ടും വെള്ളിത്തിരയിലേക്കെത്തുമ്പോൾ പറയപ്പെടാതെ പോയ നിരവധി സംഭവങ്ങൾ സിനിമയിലൂടെ പുറത്തുവരുമെന്നാണ് സിനിമാ ലോകം കരുതുന്നത്.