'മമ്മൂട്ടിക്ക് അല്‍പ്പം അഹങ്കാരമുണ്ടെന്ന് സുഹൃത്തുക്കള്‍പോലും പറയാറും, പക്ഷെ ഞാന്‍ അങ്ങനെയല്ല..'; മമ്മൂട്ടിയുടെ വീഡിയോ വീണ്ടും വൈറല്‍

മലയാള സിനിമയിലെ അഹങ്കാരിയാണ് മമ്മൂട്ടി എന്ന വിമര്‍ശനങ്ങള്‍ ഇടയ്ക്ക് എത്താറുണ്ടെങ്കിലും ഒന്നിച്ച് അഭിനയിച്ച താരങ്ങള്‍ എല്ലാം നടനെ വാഴ്ത്തിയിട്ടേയുള്ളു. 72-ാം വയസിലും കരിയറില്‍ ഗംഭീര സിനിമകളാണ് താരത്തിന്റെതായി ഒരുങ്ങുന്നത്. നടന്‍ സിദ്ദിഖ് പങ്കുവച്ച മമ്മൂട്ടിയുടെ ഒരു പഴയ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡോക്ടറേറ്റ് നേടിയപ്പോള്‍ മമ്മൂട്ടി നടത്തിയൊരു സ്പീച്ചിന്റെ ചെറിയൊരു ഭാഗമാണ് സിദ്ദിഖ് പങ്കുവച്ചത്. തന്റെ ബാപ്പയെ കുറിച്ച് അടക്കം പ്രസംഗത്തില്‍ മമ്മൂട്ടി പറയുന്നുണ്ട്. ”മമ്മൂട്ടിക്ക് അല്‍പ്പം അഹങ്കാരമുണ്ടെന്ന് സുഹൃത്തുക്കള്‍പോലും പറയാറും. പക്ഷെ അത് കെട്ടിലും മട്ടിലും മാത്രമെയുള്ളു.”

”ഉള്ളൊന്ന് ചികഞ്ഞാല്‍ ഞാന്‍ നിങ്ങളെപ്പോലെ സ്‌നേഹവും വാത്സല്യവും കാരുണ്യവും വികാരവുവായ്പ്പുമൊക്കെയുള്ള ഒരു സാധാരണ മനുഷ്യനാണ്. എന്റെ ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹര്‍ത്തമാണിത്. ചികിത്സിക്കാന്‍ അര്‍ഹതയില്ലെങ്കിലും എനിക്ക് ഡോക്ടറേറ്റ് പദവി ലഭിക്കുമ്പോള്‍ അതിന് സാക്ഷ്യം വഹിക്കാന്‍ എന്റെ ബാപ്പ ഇന്ന് ജീവിച്ചിരിപ്പില്ല എന്നുള്ള ദുഖം മാത്രമാണ് ഈ വേളയില്‍ എന്നെ അലോസരപ്പെടുത്തുന്നത്.”

”ഞാന്‍ ഒരു ഡോക്ടറാവണം എന്നത് എന്റെ ബാപ്പ ആഗ്രഹിച്ചിരുന്നതാണ്. അതിനായി പ്രീഡിഗ്രിക്ക് എന്നെ കൊണ്ട് രണ്ടാം ഗ്രൂപ്പ് എടുപ്പിക്കുകയും ചെയ്തു. പഠനം ഉഴപ്പി സിനിമ തലയില്‍ കയറ്റി തിയേറ്റര്‍ നിരങ്ങിയതിന്റെ ഫലമായിട്ട് കെമിസ്ട്രി പരീക്ഷയില്‍ ഞാന്‍ തോറ്റു. അങ്ങനെ എന്റെ വാപ്പയുടെ ഡോക്ടര്‍ സ്വപ്നം തകര്‍ന്നു.”

”പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും എന്റെ അഭിനയത്തികവും കലാരംഗത്തെ നേട്ടങ്ങളും കണക്കിലെടുത്ത് എന്നെ വലുതാക്കിയ എന്റെ സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കുമ്പോള്‍ ആ ബഹുമതി എന്റെ ബാപ്പയുടെ സ്മരണയ്ക്ക് മുമ്പില്‍ ഞാന്‍ സമര്‍പ്പിക്കുകയാണ്” എന്നാണ് മമ്മൂട്ടി വീഡിയോയില്‍ പറയുന്നത്.